കാസർകോട്: സമഗ്ര ശിക്ഷ കേരളയും ബി.ആർ.സിയും ചേർന്ന് സ്കൂൾ വിദ്യാർഥിനികൾക്ക് സംഘടിപ്പിക്കുന്ന ജില്ലാ നാടക ശില്പശാല ജ്വാല കുറ്റിക്കോലിൽ നാടക നോവൽ രചയിതാവ് പി.വി കെ പനയാൽ ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളുടെ ശാക്തീകരണത്തിന് വേണ്ടി സർവ ശിക്ഷ കേരളയുടെ നേതൃത്വത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
വെള്ളിയാഴ്ച്ച മുതൽ നാല് ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയിൽ നാടകാഭിരുചിയുള്ളവർക്ക് വിദ്യാഭ്യാസത്തോടൊപ്പം ആത്മവിശ്വാസവും വ്യക്തിത്വവും അഭിനയശേഷിയും വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും 30 വിദ്യാർത്ഥിനികൾ പരിശീലന ക്യാമ്പിൽ സംബന്ധിക്കുന്നുണ്ട്. ജനപ്രതിനിധികളും സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും അണിനിരന്ന ഘോഷയാത്രയോടെ ക്യാമ്പഗംങ്ങളെ വരവേറ്റു. സ്കൂൾ ഓഫ് ഡ്രാമയിലെ രാജേഷ് ആണ് ക്യാമ്പ് ഡയറക്ടർ.
പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ ലിസി അധ്യക്ഷയായി. ഡി.പി.ഒ വേണുഗോപാലൻ പി.പി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി രാഗിണി, പഞ്ചായത്ത് അംഗങ്ങളായ സമീറ കാദർ, എം.ധന്യ, പി.ദിവാകരൻ, ശുഭ ലോഹിതാക്ഷൻ, എം.മണികണ്ഠൻ, സി.ആർ.സി കോർഡിനേറ്റർ രാമാ രാജേന്ദ്രൻ, ബി.ആർ.സി ട്രെയിനർ ആദർശ്, ടി.ബാലൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഗോപിനാഥൻ സ്വാഗതവും എസ്.എസ്.കെ ട്രെയിനർ കൃഷ്ണദാസ് പലേരി നന്ദിയും പറഞ്ഞു.
സ്കൂൾ വിദ്യാർത്ഥിനികളുടെ ജില്ലാ നാടക ശില്പശാല ജ്വാലയ്ക്ക് തുടക്കം; പി.വി കെ പനയാൽ ഉദ്ഘാടനം ചെയ്തു