സുബൈറിന്റെ കൊലയില്‍ കോണ്‍ഗ്രസിനു പങ്കുണ്ട്; ബി.ജെ.പി ന്യൂനപക്ഷ സെല്‍ നേതാവ് റഹിം ഉച്ചിലിന്റെ പ്രസ്താവന വിവാദത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing സുബൈറിന്റെ കൊലയില്‍ കോണ്‍ഗ്രസിനു പങ്കുണ്ട്; ബി.ജെ.പി ന്യൂനപക്ഷ സെല്‍ നേതാവ് റഹിം ഉച്ചിലിന്റെ പ്രസ്താവന വിവാദത്തില്‍

മംഗളൂരു: ഒക്ടോബര്‍ ഒമ്പതിന് ബുധനാഴ്ച രാത്രിയില്‍ മുബാഖരിയില്‍ സുബൈറിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസിനു പങ്കുണ്ടെന്ന് ആരോപിച്ച ബി.ജെ.പി ന്യൂനപക്ഷ സെല്‍ നേതാവ് റഹിം ഉച്ചില്‍ പ്രസ്താവന വിവാദത്തില്‍. സുബൈര്‍ ബി.ജെ.പി അംഗം ആയിരുന്നെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നുമാണ് റഹിം ഉച്ചില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതേതുടര്‍ന്ന ഉള്ളാല്‍ പോലീസ് സ്റ്റേഷനില്‍ രാഹുല്‍ ഉച്ചിലിനെതിരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കി. പ്രസ്താവന വ്യാജമാണെന്നും അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സന്തോഷ് ഷെട്ടി പറഞ്ഞു. ഇത്തരം ഒരു ആരോപണം ഉന്നയിച്ചുകൊണ്ട് റഹീം ഉച്ചില്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും ജനങ്ങളുടെ ഇടയില്‍ കോണ്‍ഗ്രസിനെ അപമാനിക്കുന്നുവെന്നും അദ്ദഹേം ആരോപിച്ചു. ബുധനാഴ്ച രാത്രിയിലാണ് പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉള്ളാളിലെ ഇലക്ട്രീഷ്യന്‍ സുബൈറിനെ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി ഒമ്പതു മണിയോടെ ഉള്ളാല്‍ മുക്കച്ചേരിയില്‍ വച്ചാണ് ആളുകള്‍ നോക്കിനില്‍ക്കെ ബൈക്കിലെത്തിയ മുഖംമൂടി സംഘം സുബൈറിനെയും സുഹൃത്ത് ഇല്യാസിനെയും വെട്ടിയത്. പള്ളിയില്‍ നിന്നും ഇഷാ നിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയ ഉടനാണ് സുബൈറിനും ഇല്യാസിനും നേരെ ആക്രമണമുണ്ടായത്. ആളുകള്‍ ഓടിക്കൂടുമ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെട്ടിരുന്നു. ഉടന്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ സുബൈര്‍ മരണപ്പെടുകയായിരുന്നു. ഇല്യാസ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട സുബൈറിന് ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നാല് കുട്ടികളുമുണ്ട്.

 

0Shares