സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം: ഘാതകരെ പിടികൂടണമെന്ന ആവശ്യവുമായി അനിശ്ചിതകാല സത്യാഗ്രഹം ഒരു വർഷം പിന്നിടുന്നു; രാപ്പകൽ സമരം ഒക്ടോബർ 9-10 ദിവസങ്ങളിൽ

  • Post category:news
  • Reading time:2 mins read
You are currently viewing സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം: ഘാതകരെ പിടികൂടണമെന്ന ആവശ്യവുമായി അനിശ്ചിതകാല സത്യാഗ്രഹം ഒരു വർഷം പിന്നിടുന്നു; രാപ്പകൽ സമരം ഒക്ടോബർ 9-10 ദിവസങ്ങളിൽ

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സീനിയർ ഉപാധ്യക്ഷനും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടാൻ സി.ബി.ഐയുടെ ഉന്നത തലത്തിലുള്ള പുതിയ ടീമിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടു ഖാസി കുടുംബവും ആക്ഷൻ കമ്മിറ്റിയും സംയുക്തമായി കാസർകോട് പുതിയ ബസ് സ്റ്റാന്റിനടുത്ത ഒപ്പുമരച്ചോട്ടിൽ കഴിഞ്ഞ വർഷം ഒക്ടോബർ 10ന് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഒരു വർഷം പിന്നിടുകയാണ്.

മത-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിരവധി നേതാക്കളും പൊതുപ്രവർത്തകരും മനുഷ്യാവകാശ സംഘടനാ നേതാക്കളും സാധാരണക്കാരും അടക്കം ഒട്ടനവധി പേർ ഇതിനകം സമരപ്പന്തൽ സന്ദർശിക്കുകയും
ഐക്യദാർഢ്യം പ്രകടിപ്പിക്കുകയുണ്ടായി. സമരം രണ്ടാം വർഷത്തിലേക്ക് കടക്കുന്നത് പ്രമാണിച്ച് ഈ ഒക്ടോബർ 9 മുതൽ 10 വരെ രാപ്പകൽ സമരം നടത്തുകയാണ് സമരസമിതി. ഒക്ടോ. 9ന് 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ സമാപന സമ്മേളനം 10 ന് 9 മണിക്ക് നടക്കും. ഉദ്ഘാടന സെഷൻ മുൻ മന്ത്രി സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്യും.

സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡൻറും
കേന്ദ്ര മുശാവറ മെമ്പറുമായ ത്വാഖാ അഹ്മദ് മൗലവി അൽ അസ്ഹരി, ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. സുരേന്ദ്രനാഥ്, കേന്ദ്ര മുശാവറ അംഗങ്ങളായ നിലേശ്വരം മഹ്മൂദ് മുസ്ലിയാർ, തൊട്ടി മാഹിൻ മുസ്ലിയാർ
തുടങ്ങിയ പ്രമുഖ നേതാക്കളും പ്രശസ്തവ്യക്തികളും പങ്കെടുക്കും.

2010 ഫെബ്രുവരി 10 ന് രാവിലെ 77 വയസ് പ്രായമുള്ള ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. തുടക്കത്തിൽ തന്നെ ലോക്കൽ പോലീസിന്‍റെ ഭാഗത്ത് നിന്ന് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആദ്യം മുതലേ സംശയം പ്രകടിപ്പിച്ചിരുന്നു. ശേഷം ക്രൈം ബ്രാഞ്ചും, അധികം വൈകാതെ സി.ബി.ഐയും ഏറ്റെടുത്ത കേസിൽ സത്യാവസ്ഥ പുറത്തു കൊണ്ട് വരുന്ന കാര്യത്തിൽ അന്വേഷണ സംഘങ്ങളുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നീക്കങ്ങൾ ഉണ്ടായില്ല. രണ്ട് വട്ടം സി.ബി.ഐ നൽകിയ റിപ്പോർട്ടുകളും വിശ്വസനീയമല്ലെന്ന്പറഞ്ഞുകൊണ്ട് സി. ജെ. എം കോടതി തള്ളുകയായിരുന്നു.

തുടര്‍ന്ന് കോടതി നിര്‍ദ്ദേശം മാനിക്കാനെന്ന പേരിൽ വീണ്ടും പഴയ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കും അപഗ്രഥനത്തിനും വേണ്ടി വിദഗ്ധരെ കൊണ്ടുവന്ന് പരിശോധന നടത്തി മാസങ്ങൾക്ക് മുമ്പ് തിരിച്ചുപോയെങ്കിലും ഇത് വരെ റിപ്പോർട്ടു നൽകിയതായി വിവരവില്ല. ഇത്തരം ഒളിച്ചു കളികളും വഴിവിട്ട നീക്കങ്ങളും ഉണ്ടാകാതിരിക്കാൻ ഉന്നതതലത്തിലുള്ള പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന
ആവശ്യമാണ് സമരരംഗത്തുള്ള കുടുംബാഗംങ്ങളും ആക്ഷൻ കമ്മിറ്റിയും ആവശ്യപ്പെടുന്നത്.

വർഷങ്ങൾക്ക് മുമ്പ് ഇതേ ഒപ്പുമരച്ചോട്ടിൽ 84 ദിവസം നീണ്ട സമരം നടന്നിരുന്നെങ്കിലും അന്ന് മുഖ്യമന്ത്രി നേരിട്ട്
ജില്ലയിലെ മന്ത്രി ചന്ദ്രശേഖരനെ ഏൽപ്പിച്ചതനുസരിച്ച് അദ്ദേഹം സമരനേതാക്കൾക്ക് നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ നിർത്തിവെക്കുകയായിരുന്നു.

0Shares