കോഴിക്കോട്/ കണ്ണൂർ/ കാസർകോട്: ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്.എം.ഐ.എൽ) അവതരിപ്പിച്ച പുതിയ മോഡൽ കാറാണ് ‘സാൻട്രോ.’ ഇരുപത് വർഷം മുമ്പ് അവതരിപ്പിച്ച സാൻട്രോ എന്ന പേര് തന്നെ പുത്തൻ ഹാച്ച്ബാക്കിനും നല്കാൻ കമ്പനിയെ പ്രേരിപ്പിച്ചത് വൻ ജനപിന്തുണയാണ്. പേര് കണ്ടെത്താനായി ഹ്യൂണ്ടായ് ഇന്ത്യ കഴിഞ്ഞ മാസം മത്സരം സംഘടിപ്പിച്ചിരുന്നു. നാലുലക്ഷം പേരിൽ രണ്ടുലക്ഷത്തിലധികവും പുതിയ കാറിനായി നിർദ്ദേശിച്ചത് ‘സാൻട്രോ’ എന്ന പഴയ പേരുതന്നെയാണ്. എ.എച്ച്.ടു എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച കാറിൻ്റെ പ്രീബുക്കിങ്ങിന് ഒക്ടോബർ 10 ന് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വിപണിയിലെത്തിയ പുതിയ സാൻട്രോ ആപ്‌കോ ഹ്യൂണ്ടായ് ഷോറൂമുകളിൽ കാർ ഇതിനകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കാസർകോട് ഷോറൂമിൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ലോഞ്ചിങ് നിർവഹിച്ചു. ആപ്‌കോ ഹ്യൂണ്ടായ് കാസർകോട് ഡീലർഷിപ്പ് ഹെഡ് സിറാജ് പി.ടി ചടങ്ങിന് നേതൃത്വം നൽകി.
പുതിയ മോഡൽ സാൻട്രോയ്ക്ക് കരുത്തേകുന്നത് മുൻ സാൻട്രോയിലെ 1.1 ലീറ്റർ, എപ്സിലോൻ എൻജിൻ്റെ പരിഷ്കൃത രൂപമാണ്. 63 ബി എച്ച് പി കരുത്ത് സൃഷ്ടിച്ചിരുന്ന എൻജിന് കാര്യക്ഷമതയേറുന്നതിനൊപ്പം ലീറ്ററിന് 20.1 കിലോമീറ്ററോളം ഇന്ധനക്ഷമതയുമുണ്ട്. അഞ്ച് സ്പീഡ് മാനുവൽ ഗീയർ ബോക്സാണ് ട്രാൻസ്മിഷൻ. ഒപ്പം ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും പുതിയ സാൻട്രോയിലുണ്ട്.
ഒട്ടേറെ പുതുമകളാണ് പുതിയ മോഡൽ സാൻട്രോയ്ക്കുള്ളത്. കൂടുതൽ സ്ഥലസൗകര്യമുള്ള അകത്തളം, മികച്ച യാത്ര സുഖം നൽകുന്ന പിൻസീറ്റ്, വിഭാഗത്തിൽ ആദ്യമായി പിൻസീറ്റ് യാത്രികർക്കായി എ.സി വെന്റ്, ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സഹിതം ഏഴ് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, റിവേഴ്സ് ക്യാമറ തുടങ്ങിയവ പ്രത്യേകതകളാണ്.
സാൻട്രോ രണ്ടാമൻ്റെ വിപണി വില 3.89 ലക്ഷം മുതൽ ആരംഭിക്കുന്നു. അഞ്ച് വകഭേദങ്ങളിലായി എഴു നിറങ്ങളിൽ പുതിയ സാൻട്രോ ലഭ്യമാണ്. സാൻട്രോയുടെ മാനുവൽ പതിപ്പിൻ്റെ വില 3.89 ലക്ഷം മുതൽ 5.45 ലക്ഷം വരെയും എം.എം.ടിക്ക് 5.18 ലക്ഷം മുതൽ 5.46 ലക്ഷം വരെയും സി.എൻ.ജി വകഭേദത്തിന് 5.23 ലക്ഷം മുതൽ 5.64 ലക്ഷവുമാണ് വില. ഡിലൈറ്റ് (3.89 ലക്ഷം), ഇറ (4.20 ലക്ഷം), മാഗ്ന (4.57 ലക്ഷം), സ്പോർട്സ് (4.99 ലക്ഷം) ആസ്ത (5.45 ലക്ഷം) വേരിയന്റുകളിലാണ് പുതിയ സാൻട്രോ ലഭിക്കുക. എം.എം.ടി വകഭേദവും സി.എൻ.ജി വകഭേദവും മാഗ്ന, സ്പോർട്സ് വേരിയന്റുകളിൽ മാത്രമാണ്.
സാൻട്രോ വിപണിയിൽ ഇറക്കുന്നതിൽ ആദ്യ അരലക്ഷം കാറുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. വാഹന വിപണിയിൽ പുതിയ ചരിത്രം രജിക്കാനൊരുങ്ങുകയാണ് സാൻട്രോ. ചെറിയ ഫാമിലിക്ക് അനുയോജ്യമായ കാറാണ്. കേരളത്തിൽ ആപ്‌കോ ഹ്യുണ്ടായുടെ എല്ലാ ഷോറൂമുകളിലും പുതിയ സാൻട്രോയുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.