
കാസർകോട്: രാജ്യത്ത് അനുദിനം വർദ്ധിച്ചു വരുന്ന വർഗീയതയും ആൾക്കൂട്ട കൊലപാതകങ്ങളും ജനാധിപത്യ ധ്വംസനങ്ങളും തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രാജ്യത്തെ സാംസ്കാരിക നായകന്മാർ പ്രധാനമന്ത്രിക്ക് കത്തയച്ചാൽ അതിനെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുന്നത് ഒരു ജനാധിപത്യരാജ്യത്ത് ഭൂഷണമല്ലെന്ന് ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിരൂപമുണ്ടാക്കി അതിലേക്ക് വെടിവെച്ചും ചിതാഭസ്മം മോഷ്ടിച്ചു രാജ്യദ്രോഹി എന്ന് മഹാത്മാവിന്റെ തന്നെ പ്രതിമയിൽ എഴുതിയും രാജ്യത്തെ അപമാനിക്കുന്നവർക്കെതിരെ ഒരു നടപടിയും എടുക്കാതിരിക്കുമ്പോഴാണ് രാജ്യാവസ്ഥയിൽ ആശങ്കപ്പെട്ടു പ്രധാനമന്ത്രിക്ക് കത്തയച്ചതിന് രാജ്യദ്രോഹം ചുമത്തി കേസെടുത്തിരിക്കുന്നത് എന്നതു ആശങ്ക വർദ്ധിപ്പിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി പ്രധാനമന്ത്രിക്ക് 500 കത്തുകളയച്ചു.

ചെങ്കള പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് നാസർ ചായിൻ്റടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തായൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി പി. ഡി. എ റഹ്മാൻ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി. ടി റിയാസ്, ട്രഷറർ സി സലീം, സലാം ചെർക്കള, ജില്ലാ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിബി ലത്തീഫ് , മണ്ഡലം ക്യാപ്റ്റൻ അബൂബക്കർ കരുമാനം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി. എ അഹമ്മദ് കബീർ, എം.സി.എ ഫൈസൽ, അബ്ദുൽഖാദർ സിദ്ധ, ടി. എം സമീർ, സിയാദ് കോളാരി, നിഷാദ് ചെങ്കള, പൈച്ചു ചെർക്കള, മഹറൂഫ് ചെങ്കള , മുബാരിസ് ആലംപാടി, സഹദ് ചെർക്കള, സിദ്ധി ചെർക്കള, യാസർ അറഫാത്ത്, റഫീഖ് ചെർക്കള തുടങ്ങിയവർ സംസാരിച്ചു.
