കാസര്‍കോട്: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാഴ് വാക്കായതോടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് ഈമാസം 10ന് നിയമസഭയിലേക്ക് മാര്‍ച്ചും സെക്രക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രവും സംഘടിപ്പിക്കും. കഴിഞ്ഞവര്‍ഷം നടന്ന പ്രത്യേക മെഡിക്കല്‍ ക്യാംപില്‍ നിന്നും കണ്ടെത്തിയ 2000ത്തോളം വരുന്ന ദുരിത ബാധിതരെ പട്ടികയിലുള്‍പ്പെടുത്തി സൗജന്യ ചികില്‍സയും മറ്റു സഹായങ്ങളും അനുവദിക്കണമെന്നാണ് ദുരിതരുടെ ആവശ്യങ്ങളിലൊന്ന്.
2011 ല്‍ കണ്ടെത്തിയ 1318 പേരില്‍ ഒഴിവാക്കിയ 610 പേര്‍ക്ക് ഇപ്പോഴും സഹായങ്ങള്‍ ലഭിക്കുന്നില്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഞ്ചുലക്ഷം രൂപയടക്കമുള്ള ആജീവനനാന്ത ചികില്‍സ ഇപ്പോള്‍ ലഭിക്കുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് ദുരിത ബാധിതര്‍ ആവശ്യപ്പെടുന്നു.
പെന്‍ഷന്‍ തുക 5000 രൂപയായി വര്‍ധിപ്പിക്കുക, ഒരംഗത്തിന് ജോലി നല്‍കുക, റേഷന്‍ സംവിധാനം പുനസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് അമ്മമാരും മക്കളും തലസ്ഥാനത്തേക്ക് പോകും. സര്‍ക്കാര്‍ അനുകൂല നടപടി എടുക്കാത്ത പക്ഷം റിപ്പബ്ലിക് ദിനത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കുമെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാവ് ദയാഭായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹികളായ മുനീസ അമ്പലത്തറ, കെ ചന്ദ്രാവതി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഷൈനി, സമീറ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാഴ് വാക്കായി; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും തലസ്ഥാനത്തേക്ക്