കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ സ്ഥിരം നാടകവേദിയായ സണ്‍ഡേ തിയേറ്ററിന്റെ പുതിയ നാടകം ദേശീയ നാടകോത്സവത്തില്‍ അവതരിപ്പിക്കും.കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ തിരുവനന്തപുരം രംഗപ്രഭാതില്‍ നടക്കുന്ന ദേശീയ നാടകോത്സവത്തിലാണ് സണ്‍ഡേ തിയേറ്റിറിന്റെ ‘ഇന്ത്യന്‍ മൃഗങ്ങള്‍’ എന്ന നാടകം അരങ്ങേറുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന നാടകങ്ങള്‍ക്ക് പുറമെ മലയാളത്തില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഏക നാടകമാണ് ഇന്ത്യന്‍ മൃഗങ്ങള്‍.
വിഖ്യാത എഴുത്തുകാരന്‍ ജോര്‍ജ് ഓവലിന്റെ ആനിമല്‍ ഫാം എന്ന വിശ്രുതകൃതിയുടെ മലയാള രൂപാന്തരീകരണമാണ് നാടകം. അധികാര രാഷ്ട്രീയത്തിന്റെ കുടിലതകള്‍ ഇന്ത്യന്‍ സാഹചര്യത്തിലേക്ക് പറിച്ചു നടുന്നതാണ് മുഖ്യപ്രമേയം. മനുഷ്യരില്‍ നിന്ന് മോചനം നേടാന്‍ ഒരു ഫാമിലെ മൃഗങ്ങള്‍ തീരുമാനിക്കുകയും മനുഷ്യരെ തോല്‍പിച്ച് സ്വതന്ത്രരാവുകയും ചെയ്യുന്നു. സ്വതന്ത്രരായപ്പോള്‍ ഞാനാണ് അധികാരി എന്ന തര്‍ക്കത്തിലേക്കും പിന്നീട് അധികാരി വേണ്ട എന്ന ചര്‍ച്ചയിലേക്കും പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് നാടകത്തിന്റെ കഥാതന്തു. ഗേപി കുറ്റിക്കോലാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
സപ്തംബര്‍ 27 ന് ആരംഭിച്ച നാടകോത്സവത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ മൃഗങ്ങള്‍ അരങ്ങേറും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 കുട്ടികള്‍ അഭിനയിക്കുന്നു. പ്രജിത്ത് കൂത്തുപറമ്പ് കലാസംവിധാനവും ജി.സതീഷ് ബാബു, സുധാകരന്‍ കാടകം ദീപ സംവിധാനവും നിര്‍വ്വഹിക്കും. ഹരി പയം സംഗീതവും കുല്‍സു വസ്ത്രാലങ്കാരവും ഒരുക്കും. സുനില്‍ യാദവ്, അനീഷ് കെ.പി.എ.സി, ഹരിദാസ് കെ.പി.എ.സി, മണിപ്രസാദ്, ദിലീപ് ചിലങ്ക, അനില്‍ രാമന്‍, പ്രകാശന്‍, മിനി ഷൈന്‍, രജിത തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു.