
കാസർകോട്: ക്രിസ്മസ് അവധി ദിവനങ്ങള്‍ ആഘോഷമാക്കാന്‍ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ എതിരേല്‍ക്കാന്‍ ബേക്കല്‍ ഒരുങ്ങിത്തുടങ്ങി. ഡിസംബര്‍ 24 മുതല്‍ 2020 ജനുവരി ഒന്നു വരെ ബേക്കലിലേക്കെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് കാര്‍ഷിക പുഷ്പ മേളയും, ഭക്ഷ്യമേളയും, കടല്‍ത്തീര കായികമേളയുമൊക്കെയാണ്. ബേക്കലിന്‍റെ അകത്തളങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനായി അണിയറയില്‍ വിവിധ പരിപാടികളൊരുക്കുന്ന തിരക്കിലാണ് അഗ്രി ഹോര്‍ട്ടി സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ.
മേളയ്ക്ക് മുന്നോടിയായി ഡിസംബര്‍ 24 ന് രാവിലെ 10 പത്തിന് ഘോഷയാത്ര നടക്കും. തുടര്‍ന്ന് 10.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം റവന്യു -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന്‍ എം.എല്‍എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി മുഖ്യാതിഥിയാകും.

എം.എല്‍.എമാരായ എം.രാജഗോപാലന്‍, എന്‍.എ.നെല്ലിക്കുന്ന്, എം.സി.ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ്ജ് മത്തായി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.വീണാറാണി,വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ബി.ആര്‍.ഡി.സി എം.ഡി ടി.കെ മന്‍സൂര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍, ചെയര്‍മാന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.രവീന്ദ്രന്‍ നന്ദിയും പറയും.
ഡിസംബര്‍ 24 ന് രാവിലെ 10 ന് ഓണ്‍ ദി സ്പോട്ട് മത്സരങ്ങള്‍ നടക്കും. ജാപ്പാനീസ് സ്‌റ്റൈല്‍, ഫ്രീ സ്‌റ്റൈല്‍, മാസ് അറേഞ്ചുമെന്റ്, വണ്‍ ഫ്ളവര്‍ വണ്‍ ലീഫ്, ഫ്ളോട്ടിംഗ്, ഹാല്‍ഗിഗ് അറേഞ്ചുമെന്റ്, വാള്‍ബ്രാക്കറ്റ്, ബൊക്കെ ( പുഷ്പങ്ങളും ഇലകളും മാത്രം), ബൊക്കെ ( ആര്‍ട്ടിഫിഷ്യല്‍ ഫ്ളവര്‍ ഉപയോഗിച്ച്-പ്ലാസ്റ്റിക് ഒഴികെ), പാഴ് വസ്തുക്കളില്‍ നിന്നും അലങ്കാരവസ്തുക്കളുടെ നിര്‍മ്മാണം, ഡ്രൈ ഫ്ളവര്‍ അറേഞ്ച്മെന്റ്, ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങള്‍ നടക്കും.
മത്സരവേദികളില്‍ തന്നെ എല്ലാം നിര്‍മ്മിക്കണം.ആര്‍ട്ടിഫിഷ്യല്‍ ഫ്ളവര്‍ നേരത്തെ ഉണ്ടാക്കി മത്സരത്തിന് ഉപയോഗിക്കാം.. അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കേണ്ട പാഴ് വസ്തുക്കളും പൂക്കളും മറ്റ് ഉപകരണങ്ങളുമൊക്കെയായി ബേക്കലിലേക്ക് വന്നാല്‍ കൈനിറയെ സമ്മാനങ്ങളുമായി മടങ്ങാം.
