
പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ സ്വന്തം പേരിലുള്ളത് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ .സുരേന്ദ്രനാണ്. 240 കേസുകളുടെ വിവരങ്ങളാണ് കെ. സുരേന്ദ്രൻ പ്രസിദ്ധീകരിച്ചത്. ബി.ജെ.പിയുടെ മുഖപത്രമായ ജന്‍മഭൂമിയുടെ നാല് മുഴുവൻ പേജുകളിലായാണ് കെ. സുരേന്ദ്രന്‍റെ പേരിലുള്ള ക്രിമിനൽ കേസുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തില്‍ എല്ലാ ജില്ലകളിലും കെ. സുരേന്ദ്രന്‍റെ പേരിൽ കേസുകളുണ്ട്.
ജില്ലാ വരണാധികാരികൂടിയായ കളക്ടര്‍ നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും ഒരു പത്രത്തിൽ മൂന്ന് തവണയോ മൂന്ന് പത്രങ്ങളിൽ ഓരോ തവണ വീതമോ സ്ഥാനാർത്ഥികളുടെ പേരിലുള്ള കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണം എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിബന്ധന. സുരേന്ദ്രന്‍റെ പേരിൽ 240 കേസുകൾ ഉള്ളതുകൊണ്ട് അവയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ പത്രത്തിന്‍റെ നാല് മുഴുവൻ പേജുകൾ വേണ്ടിവന്നു.

കേരളത്തില്‍ ശരാശരി പ്രചാരമുള്ള പത്രത്തിൽ ഒരു തവണ പരസ്യം നൽകാൻ 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്.ഇത്തരത്തില്‍ മൂന്ന് തവണ പരസ്യം നൽകാൻ 60 ലക്ഷം രൂപ വേണ്ടിവരും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാർത്ഥിക്ക് നിയമപരമായി ആകെ ചെലവഴിക്കാനാകുന്നത് 75 ലക്ഷം രൂപയാണ്. അതായത് കണക്കുകൾ പ്രകാരം 15 ലക്ഷം രൂപയേ സുരേന്ദ്രന് പ്രചാരണ ചെലവുകൾക്കായി ഉപയോഗിക്കാനാകൂ.
വധശ്രമം, കലാപശ്രമം, സംഘം ചേർന്ന് അക്രമം നടത്തൽ, ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഗതാഗതം തടസ്സപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി വകുപ്പുകളിലായാണ് കെ. സുരേന്ദ്രന്‍റെ പേരിലുള്ള കേസുകൾ. ഇവയിൽ മിക്കതും ശബരിമല സമരകാലത്ത് എടുത്തവയാണ്. കൊല്ലം ജില്ലയിൽ മാത്രം കെ. സുരേന്ദ്രന്‍റെ പേരിൽ 68 കേസുകളുണ്ട്. തിരുവനന്തപുരം 3, കൊല്ലം 68, പത്തനംതിട്ട 30, ആലപ്പുഴ 56, കോട്ടയം 8, ഇടുക്കി 17, എറണാകുളം 13, തൃശ്ശൂർ 6, കോഴിക്കോട് 2, മലപ്പുറം 1, വയനാട് 1, കണ്ണൂർ 1, കാസർകോട് 33 എന്നിങ്ങനെയാണ് സുരേന്ദ്രന്‍റെ പേരിലുള്ള കേസുകളുടെ എണ്ണം.
