പിലിക്കോട്: വേങ്ങക്കോട്ട് പെരുങ്കളിയാട്ട മഹോല്‍സവത്തില്‍ ജനത്തിരക്കേറി. മഹോല്‍സവഭാഗമായി ശനിയാഴ്ച
രാവിലെ 7 മണിക്ക് വൈരാപുരത്ത് വടക്കന്‍കോടി ഈശ്വരന്റെ പുറപ്പാട് നടക്കും. തുടര്‍ന്ന് രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, മേച്ചേരി ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ആയിറ്റി ഭഗവതി, ഗുളകന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും. വൈകീട്ട് നാലുമുതല്‍ രാത്രി 12 വരെ വവിധ തെയ്യങ്ങളുടെ തോറ്റം, കൊടിയിലപിടി എന്നിവ നടക്കും.
വൈകീട്ട് 6.30-ന് വൈരാപുരത്ത് വടക്കന്‍കോടി ഈശ്വരന്റെ വെള്ളാട്ടം അരങ്ങിലെത്തും. ഉച്ചയ്ക്ക് 2.30ന് ക്ഷേത്ര പരിസരത്തെ വേദിയില്‍ അരയമ്പത്ത് കുഞ്ഞികൃഷ്ണന്‍ ആധ്യാത്മിക പ്രഭാഷണം നടത്തും. വൈകീട്ട് 5 മണിക്ക് ചന്തേര പടിഞ്ഞാറെക്കര ഗ്രാമത്തപ്പന്‍ മഹാവിഷ്ണുക്ഷേത്രം വനിതാവേദിയുടെ തിരുവാതിര അരങ്ങേറും. പ്രധാന വേദിയില്‍ രാത്രി 7മണിക്ക് സാംസ്‌കാരിക സമ്മേളനം മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍, ചലച്ചിത്ര പിന്നണി ഗായകന്‍ വി.ടി മുരളി, ഗാനരചയിതാവ് റഫീഖ് അഹമ്മദ് എന്നിവര്‍ സംബന്ധിക്കും.
ചിത്രകാരന്‍ ജീവന്‍ നാരായണന്‍, തെയ്യം മുഖത്തെഴുത്ത് കലാകാരന്‍ വി.കുഞ്ഞിരാമന്‍ വൈദ്യര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. രാത്രി എട്ടിന് തിരുവനന്തപുരം വൈഗവിഷന്റെ കാളിയമ്മന്‍ നാടകം അരങ്ങിലെത്തും. അഖിലേന്ത്യാ പ്രദര്‍ശന നഗരിയില്‍ രാത്രി ഒന്‍പതിന് കണ്ണൂര്‍-കാസര്‍കോട് ജില്ലാതല തിരുവാതിര മത്സരം നടക്കും.
