വെള്ളക്കോട്ടിട്ടെന്നാല്‍ നട്ടെല്ലില്ല എന്നല്ല; നഴ്സുമാരുടെ സമരം ഉയര്‍ത്തിയ ചോദ്യങ്ങളും വിജയവും

  • Post category:news
  • Reading time:2 mins read
You are currently viewing വെള്ളക്കോട്ടിട്ടെന്നാല്‍ നട്ടെല്ലില്ല എന്നല്ല; നഴ്സുമാരുടെ സമരം ഉയര്‍ത്തിയ ചോദ്യങ്ങളും വിജയവും


തൃശൂര്‍: അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ ആശുപത്രികളില്‍ ചിലി ചെയ്യുന്ന നഴ്സുമാര്‍ നടത്തിയ സമരത്തിന്റെ വിജയം ഒരു അതിജീവന സമരത്തിന്റെ വിജയമാണ്. മറ്റേത് ജോലിയേക്കാള്‍ വിലപ്പെട്ടതാണ്‌ ഒരു മനുഷ്യജീവന്‍ രക്ഷിക്കുക എന്നത്. അങ്ങിനെയുള്ള ശ്രമത്തില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന നഴ്സുമാര്‍ക്ക് ലഭിക്കുന്നത് തുലോം കുറഞ്ഞ ശമ്പളം മാത്രമായിരുന്നു. ഇതിന് ഒരു അവസാനം കാണാനാണ് അവര്‍ സമരം ചെയ്തത്. വന്‍ മുതലാളിമാരോടും ഭരണകൂടത്തോടും ഒരേ സമയം അവര്‍ക്ക് എതിര്‍ത്ത് നില്‍ക്കേണ്ടി വന്നു. എന്നിട്ടും അവര്‍ വിജയം കാണാതെ പിന്മാറിയില്ല എന്നതാണ് സമരത്തെ ശ്രദ്ധേയമാക്കുന്നത്. അടിസ്ഥാന ശമ്പളം 20000 രൂപയാക്കണമെന്ന നഴ്‌സുമാരുടെ പ്രധാന ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നഴ്‌സുമാരുടെ സംഘടനകളും മാനേജ്‌മെന്റും തമ്മില്‍ ധാരണയായത്.

 

സുപ്രിം കോടതി നിർദ്ദേശമനുസരിച്ചുള്ള ശമ്പളം നൽകാമെന്ന്‌ മാനേജ്മെന്റുകൾ ഉറപ്പ്‌ നൽകിയതോടെയാണ്‌ 22 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കാൻ നഴ്സുമാർ തീരുമാനിച്ചത്‌. സമരം അവസാനിപ്പിക്കാൻ തൂരുമാനിച്ചതായി നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ്‌ നഴ്സസ്‌ അസോസിയേഷൻ (യു. എൻ. എ) അറിയിച്ചു. സമരം നടത്തിയതിന്റെ പേരിൽ നഴ്സുമാരോടും ജീവനക്കാരോടും പ്രതികാര നടപടി പാടില്ലെന്ന്‌ മുഖ്യമന്ത്രിയുടെ നിർദ്ദേശവും മാനേജുമെന്റുകൾ അംഗീകരിച്ചു.

അമ്പത്‌ കിടക്കളിൽ താഴെയുള്ള ആശുപത്രികളിളെ അടിസ്ഥാന ശമ്പളമാണ്‌ 20,000 രൂപയായി നിശ്ചയിച്ചിരിക്കുന്നത്‌. അതിനു മുകളിൽ കിടക്കകളുള്ള ആശുപത്രികളിൽ ശമ്പളം നിശ്ചയിക്കാൻ ഒരു ഔദ്യോഗിക സമിതിയെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. സമിതി ഒരു മാസത്തിനകം ശമ്പളം നിശ്ചയിച്ച്‌ സർക്കാരിന്‌ റിപ്പോർട്ട്‌ സമർപ്പിക്കാനാണ്‌ മുഖ്യമന്ത്രിയുടെ നിർദ്ദേശം. നഴ്സിംഗ്‌ ട്രെയിനിമാരുടെ സ്റ്റൈപ്പന്റ്‌ കാലാനുസൃതമായി വർധിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി.

നഴ്സുമാരും ഡോക്ടർമാരെപ്പോലെ തന്നെ വിദഗ്ധ പരിശീലനം നേടിയവരാണ്‌ എന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയായിരുന്നു. അതുകൊണ്ട്‌ തന്നെ അവരുടെ ന്യായമായ ആവശ്യങ്ങൾ പ്രത്യേകമായി പരിഗണിക്കണമെന്നും മാനേജ്മെന്റ്‌ പ്രതിനിധികളോട്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അമ്പത് കിടക്കളില്‍ താഴെയുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 20000 ആക്കിയും, അതിനു മുകളില്‍ കിടക്കകളുള്ള ആശുപത്രികളില്‍ ശമ്പളം നിശ്ചയിക്കാന്‍ സമിതിയെ വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

മാനേജുമെന്റുകള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. നാല് മണിക്ക് തുടങ്ങിയ ചര്‍ച്ചയാണ് മണിക്കൂറുകള്‍ക്ക് ശേഷം നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമവായത്തിലെത്തിയത്. മുഖ്യമന്ത്രി മാനേജുമെന്റിന്റെയും സമരക്കാരുടെ പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം അറിയിച്ചത്.

0Shares