വീണ്ടും നാടൊന്നിച്ചു; കരള്‍ മാറ്റല്‍ ശസ്ത്രക്രിയക്കായി സുഹറയെ മംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിച്ചത് ആറുമണിക്കൂര്‍കൊണ്ട്

  • Post category:news
  • Reading time:1 min read
You are currently viewing വീണ്ടും നാടൊന്നിച്ചു; കരള്‍ മാറ്റല്‍ ശസ്ത്രക്രിയക്കായി സുഹറയെ മംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിച്ചത് ആറുമണിക്കൂര്‍കൊണ്ട്

കാസര്‍കോട്: വീണ്ടും ഒരുജീവനായി നാടൊന്നിച്ചു. മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് അടിയന്തിര കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ച കാസര്‍കോട് സ്വദേശിനിയായ യുവതിയെ കൊച്ചിയിലെത്തിച്ചത് ആറുമണിക്കൂര്‍ കൊണ്ട്. പോലിസും നാട്ടുകാരും ഡ്രൈവര്‍മാരും ഒരുരാത്രി ഉറക്കമൊഴിഞ്ഞ് ആംബുലന്‍സിന് വഴിയൊരുക്കി. വെള്ളിയാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് ഉപ്പള സ്വദേശിനി സുഹറ(20)യെ മംഗളൂരു യൂനിറ്റി ആശുപത്രിയില്‍ നിന്ന് കൊച്ചി ലോക്ഷോര്‍ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ദൗത്യവുമായി ആംബുലന്‍സ് യാത്ര പുറപ്പെട്ടത്. കെ.എ.19 എ.എ 975 നമ്പറിലെ (KA- 19- AA 975) മംഗളൂരു യൂണിറ്റി ആശുപത്രിയുടെ ആംബുലന്‍സിലാണ് സുഹറയെ കൊണ്ടുപോയത്. രാത്രി 10.12ന് കാസര്‍കോട്ടെത്തി. യാത്ര കടന്നു പോകുന്ന ഇടങ്ങളില്‍ പോലീസ് ഗതാഗത സൗകര്യം ഒരുക്കി. യാത്രക്ക് ഗതാഗത തടസ്സം ഉണ്ടാകാതെ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വഴിയില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ ഹെല്പ് ലൈനില്‍ ബന്ധപ്പെടണമെന്നും ചൈല്‍ഡ് പ്രൊട്ടക്ട് ടീം ഭാരവാഹികള്‍ സമൂഹമാധ്യമങ്ങളിലൂടെ ഓരോ അരമണിക്കൂറിലും സന്ദേശവും നല്‍കി. ആറുമണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്തിക്കാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയത്. യൂനിറ്റി ആശുപത്രിയിലെ നിന്നുള്ള വിദഗ്ധ സംഘവും ആംബുലന്‍സിനൊപ്പം അനുഗമിച്ചിരുന്നു. കാസര്‍കോട് സ്വദേശി സിറാജാണ് ആറുണിക്കൂര്‍ കൊണ്ട് സുഹറയെ കൊച്ചിയിലെത്തിച്ചത്. റോഡ് സുരക്ഷാ നിയന്ത്രണം നല്‍കിയ കേരള പോലീസിനും, സര്‍വ്വവും സഹകരിച്ച് പ്രാര്‍ത്ഥിച്ച കേരളത്തിലെ ഓരോ പ്രദേശത്തെയും ജനങ്ങള്‍ക്കും, മിഷന്‍ മാംഗ്ലൂര്‍ റ്റു എറണാകുളം വാട്‌സാപ് കൂട്ടായ്മക്കും, ആംബുലന്‍സ് വര്‍ക്കേഴ്‌സ് യൂണിയനും യൂനിറ്റി ആശുപത്രിയുടെ നന്ദി അറിയിച്ചു.

0Shares