വിവാഹമെന്ന സ്വപ്‌നം ബാക്കിയാക്കി ഫാത്തിമത്ത് സുനീറ യാത്രയായി

  • Post category:local news / obitury
  • Reading time:1 min read
You are currently viewing വിവാഹമെന്ന സ്വപ്‌നം ബാക്കിയാക്കി ഫാത്തിമത്ത് സുനീറ യാത്രയായി

കാസര്‍കോട്: എം.ഇ.എസിലെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ഒരു ജോലിയെന്നതായിരുന്നു സുനീറയുടെ ആഗ്രഹം. ആ ആഗ്രഹപ്രകാരം അടുത്തിടേയാണ് ബംഗളൂരുവിലെ ടാറ്റാ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ലഭിച്ചത്. അതിനിടെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഗള്‍ഫുകാരന്‍ അബ്ദുല്‍ ആഷിഖുമായി വിവാഹം നിശ്ചയം നടന്നത്. അടുത്ത വര്‍ഷം മാര്‍ച്ചു നാലിനാണ് വിവാഹം നടക്കേണ്ടിയിരുന്നത്. മകളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഉപ്പ അബ്ദുല്‍ സലാമും ഉമ്മ നസിയയും കരുതലോടെ പ്രവര്‍ത്തിക്കുമായിരുന്നു. ജോലി സ്ഥലത്ത് പിതാവിനൊപ്പമാണ് സാധാരണ സുനീറ പോകാറ്. അവധിയുണ്ടാകുമ്പോള്‍ മകള്‍ ഉപ്പയെ വിളിച്ചറിയിക്കും. ബംഗളൂരുവില്‍ പോയി മകളെയും കൂട്ടി വീട്ടിലേക്ക് മടങ്ങും. പഠനവും ജോലിയും കഴിഞ്ഞ സുനീറയുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. എല്ലാ സൗഭാഗ്യങ്ങളെയും തകര്‍ത്തെറിഞ്ഞാണ് ഹാസനില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചേ ആ മരണവാര്‍ത്തയെത്തുന്നത്.
നബിദിനത്തിനായി അവധിയെടുത്ത് തിരിച്ചുപോവുകയായിരുന്നു സുനീറ.ഞായറാഴ്ച മടങ്ങേണ്ടതാണെങ്കിലും ഒരു ദിവസം കൂടി അവധി നീട്ടിക്കിട്ടിയതോടെ തിങ്കളാഴ്ചയും വീട്ടില്‍ കുടുംബത്തോടൊപ്പം അവസരം ലഭിച്ചു. ചൊവ്വാഴ്ച രാവിലെ തന്നെ ഓഫീസിലെത്തേണ്ടതിനാല്‍ ട്രെയിന്‍ പലപ്പോഴും വൈകിയെത്തുന്നതിനാല്‍ യാത്ര ബസിലാക്കുകയായിരുന്നു. അങ്ങനെ കാസര്‍കോട്ട് ടിക്കറ്റ് കിട്ടാത്തതിനാല്‍ മംഗളൂരുവില്‍ നിന്നാണ് വോള്‍വോ പിതാവും മകളും ബസില്‍ കയറുന്നത്. പക്ഷേ ആ യാത്ര മരണത്തിലേക്കുള്ള യാത്രയുമായി. ചൊവ്വാഴ്ച പാണലത്ത് നേരം പുലരുന്നത് സുനീറയുടെ അപകടവാര്‍ത്തയുമായായിരുന്നു. ജീവന്‍ തിരിച്ചുകിട്ടണേ എന്ന് നാട് പ്രാര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. പരിക്ക് ഗുരുതരമായതിനാല്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. ഹാസനിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകീട്ട് മൃതദേഹം നാട്ടിലെത്തിക്കും. തുടര്‍ന്ന് പാണലം മുഹയുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

0Shares