
കാസര്‍കോട്: അധ്യാപികയായ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. പടന്നക്കാട്ടെ ട്രെയിനിംഗ് സ്കൂളിലെ അധ്യാപകനെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്. ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭര്‍തൃമതിയായ വിദ്യാര്‍ത്ഥിനി ബന്ധുക്കള്‍ക്കൊപ്പം പ്രധാന അധ്യാപികയുടെ അടുത്തെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ മാനേജര്‍ കൂടിയായ എഇഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാവുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസറെ വിവരമറിയിക്കുകയുമായിരുന്നു.

വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി തെളിവെടുപ്പ് നടത്തിയപ്പോള്‍ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിക്കൊപ്പം നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് വന്നു. തുടര്‍ന്നാണ് അധ്യാപകനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്. തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്.
