കാഞ്ഞങ്ങാട്: പാലക്കാട് വിക്ടോറിയാ കോളേജിന് പിന്നാലെ കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്റു കോളേജിലും വിരമിക്കുന്ന പ്രിന്‍സിപ്പലിന് നേരെ എസ്.എഫ്.ഐ യുടെ അഴിഞ്ഞാട്ടം. വനിതാപ്രിന്‍സിപ്പലിന്റെ യാത്രയയപ്പു ദിവസം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ച് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പലായ പി.വി പുഷ്പജയാണ് അവഹേളനത്തിന് ഇരയായത്. കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പലായ പി.വി പുഷ്പജയ്ക്ക് വിരമിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് യാത്രയയപ്പ് പരിപാടി ഒരുക്കിയത്. എന്നാല്‍ ഇതിനിടെ പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് തയ്യാറാക്കി എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം പണം പിരിച്ച് മിഠായിയും ലഡുവും വാങ്ങി വിതരണം ചെയ്ത് ആഘോഷം നടത്തിയതായും ആരോപണമുണ്ട്.
പാലക്കാട് വിക്ടാറിയാ കോളേജ് പ്രിന്‍സിപ്പലായിരുന്ന പ്രൊഫ. ടി.എന്‍ സരസു വിരമിക്കുന്ന ദിവസം ശവകുടീരം നിര്‍മ്മിച്ച് എസ്എഫ്ഐ കാട്ടിയ കാടത്തം വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് സമാനമായ സംഭവമാണ് നെഹ്റു കോളേജിലും സംഭവിച്ചിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിലും പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച് എസ്എഫ്ഐ നേരത്തേ പുലിവാല് പിടിച്ചിരുന്നു. പതിവായി ക്ലാസില്‍ കയറാതിരുന്ന കുട്ടികള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രിന്‍സിപ്പലായ പുഷ്പജയെ ഉപരോധിച്ച് കൊണ്ട് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരം ചെയ്തിരുന്നു. എസ്.എഫ്.ഐയുടെ ഭീഷണിക്കെതിരെ പ്രിന്‍സിപ്പല്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുത്തതാണ് പുതിയ സംഭവങ്ങള്‍ക്ക് കാരണമെന്നാണ് വിവരം.
വിക്ടോറിയാ കോളേജിന് പിന്നാലെ കാഞ്ഞങ്ങാട് നെഹ്റു കോളേജിലും വിരമിക്കുന്ന പ്രിന്‍സിപ്പലിന് നേരെ എസ്.എഫ്.ഐ യുടെ അഴിഞ്ഞാട്ടം