
ചണ്ഡീഗഢ്: പീഡനത്തിനിരയായ പെണ്‍കുട്ടിയെ അപമാനിച്ച് ബി.ജെ.പി എം.പി കിരണ്‍ ഖേര്‍. ചണ്ഡീഗഢില്‍ ഓട്ടോയില്‍ വച്ച് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെയാണ് കിരണ്‍ ഖേര്‍ വിമര്‍ശനം ഉന്നയിച്ചത്. വാഹനത്തില്‍ മൂന്ന് പുരുഷന്‍മാര്‍ ഉണ്ടെന്നിരിക്കെ അതില്‍ പെണ്‍കുട്ടി കയറരുതെന്നായിരുന്നു എം.പിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസമാണ് ചണ്ഡീഗഢില്‍ 22 കാരി പീഡനത്തിനിരയായത്. സ്‌റ്റേനോഗ്രാഫി ക്ലാസിനുശേഷം സെക്ടര്‍ 37ല്‍ നിന്നും താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് യുവതിയെ ഓട്ടോഡ്രൈവറും മറ്റ് രണ്ട് യാത്രക്കാരും ചേര്‍ന്ന് പീഡിപ്പിച്ചത്.

സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികള്‍ പഠിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയുന്നതിനായി ആണ്‍കുട്ടികളെ ബോധവത്കരിക്കണമെന്നും സുരക്ഷയെ കുറിച്ച് പെണ്‍കുട്ടികളും ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു. ബോധവത്കരണത്തില്‍ മാധ്യമങ്ങളും പൊലീസും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കിരണ്‍ ഖേര്‍ വ്യക്തമാക്കി. പീഡനശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
