വാരാപ്പുഴ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കും; കുറ്റവാസനയുള്ള പൊലീസുകാരെ മാറ്റിനിര്‍ത്തണം എന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing വാരാപ്പുഴ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കും; കുറ്റവാസനയുള്ള പൊലീസുകാരെ മാറ്റിനിര്‍ത്തണം എന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്/ തിരുവനന്തപുരം: വാരാപ്പുഴയില്‍ ശ്രീജിത്ത്‌ എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ലോക് നാഥ്‌ ബെഹ്ര. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. സംഭവത്തില്‍ ശ്രീജിത്തിനെ ചവിട്ടിയ പോലീസുകാരനും കണ്ടുനിന്നവരും എല്ലാം പ്രതികളാണ് എന്ന് കമ്മീഷന്‍ അക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് പറഞ്ഞു. കുറ്റവാസനയുള്ള പോലീസുകാരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തണം എന്നും, അതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടത് ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അതിന് തയ്യാറാവണം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിനെ ന്യായീകരിക്കാന്‍ പോലീസ് ശ്രമിക്കും. അതിന്‍റെ ഭാഗമായി ശ്രീജിത്തിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ആളുമാറി കസ്റ്റഡിയില്‍ എടുത്തുവെന്ന ശ്രീജിത്തിന്‍റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച വാരാപ്പുഴ ദേവസ്വം പാടത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ വാസുദേവന്‍ എന്നയാളുടെ വീട്ടല്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്‌ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് അന്ത്യം.

ആന്തരിക രക്തസ്രാവവും ഛര്‍ദ്ദി, മൂത്ര തടസം എന്നിവയ്ക്കാണ് ശ്രീജിത്ത് ചികിത്സ തേടിയത്. ശേഷം, ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് സ്വമേധയാ കേസെടുത്തിരുന്നു. ശ്രീജിത്തിന് പൊലീസ് മര്‍ദ്ദനമേറ്റതായും അതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ക്ഷേത്രത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാവാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.

0Shares