വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത ഉപ്പ് വെള്ളം ഉപയോഗിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് മെഷീന്‍ തകരാറിലായി: ദുരിതത്തിലായത് രോഗികള്‍.

  • Post category:local news
  • Reading time:1 min read
You are currently viewing വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത ഉപ്പ് വെള്ളം ഉപയോഗിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് മെഷീന്‍ തകരാറിലായി: ദുരിതത്തിലായത് രോഗികള്‍.

കാസര്‍കോട്: വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ഉപ്പു വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എട്ട് ഡയാലിസിസ് മെഷീനുകള്‍ തകരാറിയായി. മെഷീനുകള്‍ ഉപ്പുവെള്ളത്താല്‍ നശിച്ച വിവരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബദല്‍ സംവിധാനമുണ്ടാക്കുമെന്ന് രോഗികളോട് ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും, ഇപ്പോള്‍ തകരാറിലായവ കൂടാതെ മറ്റുള്ളവയും ഉപ്പുവെള്ളം കയറി നശിച്ചതായാണ് കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ഡയാലിസിനെത്തിയ നിരവധി രോഗികളാണ് ദുരിതത്തിലായത്. കിര്‍ളോസ്‌കര്‍ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവരെത്തി രണ്ട് ദിവസത്തിനകം തകരാര്‍ പരിഹരിക്കുമെന്നും ഡി.എം.ഒ. എ.പി. ദിനേശന്‍ പറഞ്ഞു.ഒരു ഡയാലിസിസ് മെഷീന് കുറഞ്ഞത് 250 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഒരു ദിവസം ഒരു മെഷിനില്‍ 2 തവണയാണ് ഡയാലിസിസ് ചെയ്യുന്നത്. ഒരു തവണ ചെയ്തുകഴിഞ്ഞാല്‍ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് വൃത്തിയാക്കാനായി 250 ലിറ്റല്‍ വെള്ളമാണ് വേണ്ടിവരുന്നത്. ഒരു മെഷിന് മാത്രം ദിവസം 500 ലിറ്റര്‍ വെള്ളം വേണം. എട്ട് മെഷിനുകള്‍ക്ക് കൂടി ദിവസം 4000 ലിറ്റര്‍ വെള്ളമാണ് വേണ്ടിവരുന്നത്.

കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡയാലിസിസ് സൗകര്യം പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ഗുണം ചെയ്തിരുന്നു. പ്രതിദിനം 16 പേര്‍ക്കെങ്കിലും ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. ഈ സൗകര്യമാണ് ഇപ്പോള്‍ ഉപ്പുവെള്ളം കാരണം നശിച്ചിരിക്കുന്നത്. ജലക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഉപ്പുവെള്ളം കുടിക്കുന്നതടക്കം നിരവധി ദുരിതങ്ങളാണ് കാസര്‍കോട്ടുകാര്‍ അനുഭവിക്കുന്നത്. ഉപ്പുവെള്ളം കുടിക്കേണ്ടി വരുന്നതിനെക്കുറിച്ച് നിരവധി തവണ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. അധികൃതരുടെ അവഗണനയ്‌ക്കെതിരെ നിരന്തരം വിവിധ സമരമുറകളുമായി കാസര്‍കോട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഈ സാചര്യത്തില്‍ ഡയാലിസിസ് മെഷീനുകള്‍ ഉപ്പുവെള്ളം കയറി നശിച്ചത് കാസര്‍കോട്ടുകാര്‍ക്ക് വലിയ ദുരിതമായി മാറിയിരിക്കുകയാണ്.

0Shares