
കല്‍പ്പറ്റ (വയനാട്): വയനാട്ടില്‍ വീണ്ടും കുരങ്ങു പനി പടരുന്നതായി സൂചന. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം പരിധിയിലെ ബേഗൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിക്ക് രോഗം പിടിപെട്ടതായാണ് റിപ്പോർട്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍നിന്നു വിദഗ്ധ ചികിത്സയ്ക്കു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഡിസംബര്‍ 26 നാണ് രോഗ ലക്ഷണങ്ങളോടെ യുവതി മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് തൊണ്ടയിലെ സ്രവം മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചപ്പോഴാണ് കുരങ്ങുപനിയാണെന്നു സ്ഥിരീകരിച്ചത്.

ആശങ്കപ്പെടേണ്ടതില്ലെന്നും കുരങ്ങുപനിക്കെതിരെയുള്ള വാക്‌സിന്‍ ജില്ലയില്‍ ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വയനാട് ജില്ലയില്‍ എട്ടു പേര്‍ക്കു കുരങ്ങുപനി ബാധിച്ചിരുന്നു. അന്ന് പ്രതിരോധ നടപടി ഊർജ്ജിതമാക്കുകയും രോഗം തടയുകയും ചെയ്തു. അതിനാൽ തന്നെ ഇപ്പോൾ പനിബാധ സ്ഥിരീകരിച്ച ഉടൻ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
