കാസര്‍കോട്: വനിതാ മതിലില്‍ പങ്കെടുത്ത് തിരിച്ചുപോവുകയായിരുന്ന ആളുകള്‍ക്ക് നേരെ പരക്കെ ബി.ജെ.പി ആര്‍.എസ്.എസ് ആക്രമണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടു സ്ത്രീകളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സീതാംഗോളിക്കടുത്ത് കുതിരപ്പാടിയില്‍ ഉണ്ടായ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്മാഈലിന്റെ ഭാര്യ അവ്വാബി (35), പുത്തിഗെയിലെ സരസ്വതി എന്നിവരെ മംഗളൂരുവിലും പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന്‍ പി.എം അബ്ബാസ് (45) എന്നിവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവ്വാബിയുടെയും സരസ്വതിയുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മായിപ്പാടിയില്‍ പരിപാടി കഴിഞ്ഞ് പോകുന്ന വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായ കല്ലേറു നടത്തി.
പള്ളിക്കര ചേറ്റ് കുണ്ടില്‍ വനിത മതിലില്‍ അണിനിരന്ന സ്ത്രീകളെയും നേതാക്കളെയും ആക്രമിച്ചു. കല്ലേറിലും മറ്റു ആയുധങ്ങളുമായി റയില്‍വേ ട്രാക്കിനു പിറകില്‍ ഒളിച്ചിരുന്ന ആക്രമി സംഘം സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍ ഉള്‍പ്പെടെയുള്ളവരേയും കടന്നാക്രമിച്ചു.
ആക്രമത്തില്‍ പരിക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഏരിയാ സെക്രട്ടറി മണികണ്ഠനെ നായാനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ പി കരുണാകരന്‍ എം.പി, ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, സി എച്ച് കുഞ്ഞമ്പു, എം സുമതി, ഇ പത്മാവതി, വി.പി.പി മുസ്തഫ, ഐ.എന്‍.എല്‍ ജില്ല സെക്രട്ടറി അസീസ് കടപ്പുറം, ഹനീഫ് പി എച്ച് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കു നേരെ ബി.ജെ.പി ആക്രമണം; രണ്ടുസ്ത്രീകള്‍ക്ക് പരിക്ക്; ഏരിയാ സെക്രട്ടറിയും അക്രമത്തിനിരയായി