വനിതാ മതിലിനെ പിന്തുണച്ചു; ലീഗ് നേതാവിനെ പാര്‍ടി പുറത്താക്കി; ഇനി ഒരു രാഷ്ട്രീയ പാര്‍ടിയിലേക്കുമില്ലെന്ന് സി ഷുക്കൂര്‍

  • Post category:news
  • Reading time:2 mins read
You are currently viewing വനിതാ മതിലിനെ പിന്തുണച്ചു; ലീഗ് നേതാവിനെ പാര്‍ടി പുറത്താക്കി; ഇനി ഒരു രാഷ്ട്രീയ പാര്‍ടിയിലേക്കുമില്ലെന്ന് സി ഷുക്കൂര്‍

കാസര്‍കോട്: എല്‍.ഡി.എഫ് നേതത്വത്തില്‍ കൊണ്ടുവരുന്ന വനിതാ മതിലിനെ പിന്തുണച്ച് ഫേസ് ബുക്കില്‍ എഴുതിയ ലീഗ് നേതാവിന് പണി കിട്ടി. ലോയേഴ്‌സ് ഫോറം മുന്‍ ജില്ലാ പ്രസിഡന്റ് സി.ഷുക്കൂറിനെ ലീഗ് പാര്‍ടിയില്‍ നിന്നും പുറത്താക്കി. വര്‍ഗീയമതിലാണ് വനിതാമതില്‍ എന്ന് ലീഗ് ആരോപിക്കുന്നതിനിടയിലാണ് സി.പി.എമ്മിനെ പിന്തുണച്ച് പോസ്റ്റിട്ടത്. അതേസമയം മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും തന്നെ നീക്കിയെന്നറിയിച്ചു കൊണ്ടു ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ മെയില്‍ വന്നതായി ഒരു പത്ര പ്രവര്‍ത്തക സുഹൃത്ത് വിളിച്ചതായി ഷുക്കൂര്‍ ഫേസ് ബുക്കില്‍ ഇന്നലെ കുറിച്ചു.വാര്‍ത്തയുടെ നിജസ്ഥിതി എന്തായാലും, ഇനി ഞാന്‍ കക്ഷി രാഷ്ട്രീയത്തിലേക്കു ഇല്ലെന്നും സമീപ ഭാവിയില്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും അംഗത്വമെടുക്കുവാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും ഷുക്കൂര്‍ പറയുന്നു.സി.പി.എം നേതാവ് പി ജയരാജനെ അനുകൂലിച്ച് പ്രസ്താവനയിറക്കിയതിന്റെ പേരില്‍ ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.ഷുക്കൂറും ഭാര്യയും സി.പി.എമ്മിലേക്ക് ചേക്കുറുന്നതായി നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഭാര്യ ഷീന സി.പി.എം വേദിയിലെത്തിയത് ലീഗിനെ ചൊടിപ്പിച്ചിരുന്നു.

ഫേസ് ബുക്കിലെ പൂര്‍ണ രൂപം
മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എന്നെ നീക്കിയെന്നറിയിച്ചു കൊണ്ടു ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ മെയില്‍ വന്നതായി ഒരു പത്ര പ്രവര്‍ത്തക സുഹൃത്ത് വിളിച്ചു പറഞ്ഞു. (എനിക്ക് ആ വിവരം കിട്ടിയിട്ടില്ല)
വാര്‍ത്തയുടെ നിജസ്ഥിതി എന്തായാലും, ഇനി ഞാന്‍ കക്ഷി രാഷ്ട്രീയത്തിലേക്കു ഇല്ല. സമീപ ഭാവിയില്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും അംഗത്വമെടുക്കുവാന്‍ ഉദ്ദേശിക്കുന്നുമില്ല.
എന്നാല്‍ , പൊതു രംഗത്ത് തുടരും.
കക്ഷി രാഷ്ട്രീയത്തിനപ്പുറം ദലിത്, ന്യൂനപക്ഷ , സ്ത്രീ പക്ഷ , മനുഷ്യാവകാശ നിലപാടുകള്‍ ഉറക്കെ പറയും . അതിനു വേണ്ടി നിലകൊള്ളും.
കേരളീയ സാഹചര്യത്തില്‍ , നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചു , ജെന്‍ഡര്‍ ഇക്വാലിറ്റിക്കു വേണ്ടി , സെക്യുലര്‍ സ്‌പേസിനു വേണ്ടി തുടര്‍ന്നും നിലകൊള്ളും. എന്റെ മാപ്പിള സ്വത്വം ഉച്ചത്തില്‍ വിളിച്ചു പറയും…
കാസര്‍ഗോഡ് ജില്ലയില്‍ , മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ , പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ സംസ്‌കാരവും കലയും സ്‌നേഹവും പങ്കുവെച്ചു, കൂടുതല്‍ ഇതര സമൂഹള്‍ക്കിടയില്‍ അടുപ്പവും ചേര്‍ച്ചയും ഉണ്ടാക്കുവാനുള്ള ശ്രമം തുടരും.

ഇങ്ങിനെ സാംസ്‌കാരിക പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ ഒരു സാംസ്‌കാരിക കൂട്ടായ്മ ആഗ്രഹിക്കുന്നു.
അതിനായി ചെറിയ ശ്രമം തുടങ്ങും.
നമുക്കു ജീവ വായു പോലെ പ്രധാനമാണ് സ്‌നേഹവും സൗഹൃദവും മനുഷ്യ പറ്റും. മനുഷ്യര്‍ക്കിടയില്‍ നന്മയുടെ അനേകം വിത്തുകള്‍ പാകുവാന്‍ ഇനിയും ശ്രമിക്കും.

ഒരിക്കല്‍ കൂടി , ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകുവാന്‍ ഉദ്ദേശിക്കുന്നില്ല.. എന്റെ സ്വാതന്ത്ര്യം എനിക്കു അനുവദിച്ചു തരിക.

എല്ലാവരോടും സ്‌നേഹം.,,
നന്ദി.
സി. ഷുക്കൂര്‍
21/12/2018.

0Shares