വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; കാസർകോട് കുമ്പളയിൽ പാലം തകർന്നു; എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് റവന്യൂമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; കാസർകോട് കുമ്പളയിൽ പാലം തകർന്നു; എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് റവന്യൂമന്ത്രി

വടക്കൻ കേരളത്തിൽ കാലവർഷം കനക്കുകയാണ്. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കാസർകോട് കുമ്പളയിൽ പാലം തകർന്നു. ബംബ്രാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലമാണ് തകർന്നത്. കുമ്പളയിൽ നിന്നും കൊടിയമ്മയിലേക്കുള്ള റോഡാണിത്. ഈ റോഡിലൂടെ ബസടക്കം നിരവധി വാഹനങ്ങൾ സ്ഥിരമായി പോകാറുണ്ട്. സ്കൂൾ ബസും സർവീസ് നടത്തുന്നുണ്ട്. അതേപോലെ ജില്ലയിലെ കരിന്തളം വില്ലേജിൽ പെരിയങ്ങാനം ചാമുണ്ഡിക്കാവിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചെറു ഉരുൾപൊട്ടൽ ഉണ്ടായി . കാര്യമായ നാശനഷ്ടങ്ങളില്ല.

സംസ്ഥാനത്തുടനീളം മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ സർക്കാർ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീരദേശപ്രദേശങ്ങളിൽ കടലാക്രണമം രൂക്ഷമായ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നിർദ്ദേശങ്ങൾ പാലിക്കണം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ബാക്കി തുക ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയയോഗിക്കാനാണ് സർക്കാർ തീരുമാനം. ഇതിൽ ഇളവു നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായിരിക്കുകയാണ്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

0Shares