ലോക്സഭാ തെരഞ്ഞെടുപ്പ്; പി.കരുണാകരന്‍ ഒഴികെയുള്ള സിറ്റിങ് എംപിമാരെ മല്‍സരിപ്പിക്കാൻ സി.പി.എം തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing ലോക്സഭാ തെരഞ്ഞെടുപ്പ്; പി.കരുണാകരന്‍ ഒഴികെയുള്ള സിറ്റിങ് എംപിമാരെ മല്‍സരിപ്പിക്കാൻ സി.പി.എം തീരുമാനം

തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.കരുണാകരന്‍ ഒഴികെയുള്ള സിറ്റിങ് എംപിമാരെ മല്‍സരിപ്പിക്കാൻ സി.പി.എം തീരുമാനം. ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റും ആറ്റിങ്ങലില്‍ എ.സമ്പത്തും പാലക്കാട് എം.ബി.രാജേഷും കണ്ണൂരില്‍ പി.കെ.ശ്രീമതിയും വീണ്ടും ജനവിധി തേടും. ആലത്തൂരില്‍ പി.കെ.ബിജുവിന് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് തന്നെ സ്വതന്ത്രസ്ഥാനാര്‍ഥിയാകും. സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ പട്ടിക ബുധനാഴ്ച ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും.

എറണാകുളത്ത് മുന്‍ രാജ്യസഭാ എംപിയും ജില്ലാ സെക്രട്ടറിയുമായ പി രാജീവാകും സ്ഥാനാര്‍ഥി. കോട്ടയത്ത് ഉഴവൂര്‍ പഞ്ചായത്തംഗം ഡോ. സിന്ധുമോള്‍ ജേക്കബ്, കോഴിക്കോട് എ. പ്രദീപ്കുമാര്‍ എംഎൽഎ, വടകരയില്‍ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് എന്നിവർക്കാണ് മുന്‍തൂക്കം.

ആലപ്പുഴയില്‍ എ.എം.ആരിഫ് എംഎൽഎ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. കാസര്‍കോട് മുന്‍ എം.എല്‍.എയും ജില്ലാ സെക്രട്ടറിയുമായ കെ.പി.സതീഷ് ചന്ദ്രന്‍, പത്തനംതിട്ടയില്‍ കോന്നി എം.എല്‍.എ രാജു എബ്രഹാം, മലപ്പുറത്ത് എസ്.എഫ്.ഐ നേതാവ് വി.പി.സാനു എന്നിവര്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. മലപ്പുറത്തും പൊന്നാനിയിലും പൊതുസ്വതന്ത്രരെ പരീക്ഷിക്കുന്ന കാര്യവും സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുണ്ട്. കൊല്ലത്ത് കെ.എന്‍.ബാലഗോപാൽ സീറ്റുറപ്പിച്ചുകഴിഞ്ഞു. ഇന്നസെന്റിനെ ചാലക്കുടിയില്‍ നിന്ന് എറണാകുളത്തേക്കു മാറ്റാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും പി.രാജീവിനെയാണ് ഇപ്പോൾ പരിഗണിക്കുന്നത്.

വ്യാഴാഴ്ച മുതല്‍ ചേരുന്ന സംസ്ഥാനസമിതിക്കു ശേഷം കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കും. അതേസമയം, ലോക് താന്ത്രിക് ജനതാദള്‍ സിപിഎമ്മുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. കോഴിക്കോട്, വടകര സീറ്റുകളില്‍ ഒന്ന് വേണമെന്ന് എല്‍ജെഡി ആവശ്യപ്പെട്ടു.

0Shares