
പീതാംബരന്‍ കുറ്റിക്കോല്‍
കാസര്‍കോട്: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് സതീഷ് ചന്ദ്രനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചാനല്‍ ആര്‍.ബി യോട് പറഞ്ഞു. പി.കരുണാകരന്‍ എം.പിയെ ഒഴിവാക്കി പകരം കെ.പി സതീഷ് ചന്ദ്രനെ മത്സരിപ്പിക്കുമെന്ന് പ്രചരിച്ച വാര്‍ത്ത അടിസ്ഥാന രഹിതമെന്നും ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരിടത്തും പാര്‍ട്ടി യാതൊരു ആലോചനയും നടത്തിയിട്ടില്ലെന്നും എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വ്യക്തമാക്കി. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സി.പി.എം സംഘടന രീതിയിലാണ് സ്ഥാനാര്‍ഥികളുടെ തീരുമാനമുണ്ടാവുക. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ ചില കേന്ദ്രങ്ങളുടെ ഭാവനാ സൃഷ്ടികളാണെന്നും അദ്ദേഹം ചാനല്‍ ആര്‍.ബി യോട് പറഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ പി.കരുണാകരന്‍ മൂന്നുതവണ തുടര്‍ച്ചയായി മല്‍സരിച്ചിട്ടുണ്ടെന്നും അതിനാല്‍ കരുണാകരനെ ഒഴിവാക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സ്ഥാനാര്‍ത്ഥിയായി മുന്‍ ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനെ നിയോഗിക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനും കണ്ണൂര്‍ ജില്ലക്കാരനുമായ എം.വി ഗോവിന്ദന്‍ മാഷിനെ കാസര്‍കോട്ട് മല്‍സരിപ്പിക്കാനുള്ള സമ്മര്‍ദ്ദം കണ്ണൂര്‍ നേതൃത്വം ഉന്നത തലത്തില്‍ നടത്തുന്നുണ്ടെന്നും സൂചനകള്‍ ഉയര്‍ന്നിട്ടുണ്ട്. സതീഷ് ചന്ദ്രന് ഇപ്രാവശ്യം അവസരം ഉണ്ടാകാനിടയില്ലെന്നും ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സതീഷ് ചന്ദ്രൻ്റെ പ്രവര്‍ത്തനങ്ങള്‍ പരാജയവും പാര്‍ട്ടിക്ക് കടുത്ത സമ്മര്‍ദ്ദം ഉണ്ടാകാനിടയാക്കിയിട്ടുണ്ടെന്നും നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. ബേഡകത്തെ വിഭാഗീയത മൂര്‍ച്ഛിക്കാന്‍ കാരണവും അന്നത്തെ ജില്ലാ നേതൃത്വത്തിന്റെ കഴിവുകേടായിരുന്നു. ഇക്കാരണത്താല്‍ മലയോരത്ത് അണികളില്‍ നല്ലൊരു വിഭാഗം പാര്‍ട്ടി വിട്ടുപോയിരുന്നു. കൂടാതെ സതീഷ് ചന്ദ്രൻ്റെ കാലത്ത് ജില്ലയുടെ ചില പ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് ശക്തികുറവുണ്ടായതല്ലാതെ വളര്‍ച്ചയുണ്ടായിട്ടില്ലെന്നും പാര്‍ട്ടി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 
കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചയായില്ലെങ്കിലും നേതൃതലത്തില്‍ പ്രാഥമിക ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായത്. പി.കരുണാകരനെയും ചലക്കുടി എം.പി ഇന്നസെന്റിനെയും ഒഴികെ ബാക്കി എല്ലാ സിറ്റിങ് എം.പി.മാരെയും മത്സരിപ്പിക്കാന്‍ ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ച ചെയ്ത് തീരുമാനം ഉടന്‍ ഉണ്ടാകില്ലെന്നും തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാത്രമേ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനവും അന്തിമ പട്ടികയും പ്രഖ്യാപിക്കുകയുള്ളൂവെന്നുമാണ് നേതൃത്വം ഉറപ്പിച്ച് പറയുന്നത്. അടുത്ത ഏപ്രിലില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് സംഘടനാപരമായ ഒരുക്കങ്ങള്‍ സി.പി.എം ആരംഭിച്ചു. നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ ശില്പശാലകള്‍ നടത്തി.ബൂത്ത് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ശില്പശാലകളില്‍ പങ്കെടുത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രൂപവത്കരിച്ച കമ്മിറ്റികളായിരിക്കും തിരഞ്ഞെടുപ്പ് വരെ പ്രവര്‍ത്തിക്കുക. ഒരു പാര്‍ട്ടിയംഗത്തിന് പത്തുവീടുകളുടെ ചുമതലകള്‍ നല്‍കുകയും സംഘടനാ കാര്യങ്ങള്‍ക്കേ പാര്‍ട്ടി ഘടകങ്ങള്‍ ചേരുകയുള്ളൂ. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിച്ച സംഘടനാ സംവിധാനത്തിൻ്റെ
മാതൃകയായിരിക്കും ലോകസഭാ തിരഞ്ഞെടുപ്പിനും സി.പി.എം സ്വീകരിക്കുക.