കാസര്‍കോട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ചൂഷണ കേസുകളിലെ (പോക്സോ) ശിക്ഷാ വിധികള്‍ പൊതു സമൂഹത്തിന് മുന്നിലെത്തിച്ച് ചൂഷണങ്ങള്‍ തടയുന്നതിന് മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കണമെന്ന് കാസര്‍കോട് അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാര്‍ പറഞ്ഞു.ലൈംഗീക ഉപദ്രവങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടി, കുറ്റവാളിക്കെതിരെ ധൈര്യപൂര്‍വം മൊഴിനല്‍കിയാല്‍ പിന്നീട് ആ കുട്ടിക്ക് ജീവിതത്തില്‍ ആരില്‍ നിന്നും ഒരു നോട്ടം കൊണ്ടുപോലും ഉപദ്രവമുണ്ടാകില്ല. പെണ്‍കുട്ടി ധൈര്യപൂര്‍വം നിന്നാല്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. പീനല്‍ നിയമങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതാണു പോക്സോ നിയമം. കുട്ടികള്‍ക്കെതിരെ ലൈംഗീക അതിക്രമങ്ങള്‍ ചെയ്യുന്ന കുറ്റവാളികള്‍ക്ക് നല്‍കുന്ന കഠിനശിക്ഷയെക്കുറിച്ചു സമൂഹത്തിന് അവബോധമുണ്ടാക്കുവാന്‍ മാധ്യങ്ങളുടെ ഇടപെടലിലൂടെ മാത്രമേ കഴിയു. ഇങ്ങനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അറിയാതെപോലും സമൂഹം കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്ത വരാതിരിക്കുവാനും മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും ജില്ലയില്‍ പോക്സോയുടെ ചുമതലകൂടി വഹിക്കുന്ന അദ്ദേഹം പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ എജ്യുക്കേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ പദ്ധതിയുടെ ഭാഗമായി പോക്സോ നിയമം സംബന്ധിച്ച് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ്‌ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പോക്സോ നിയമം-മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജഡ്ജി. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷനായി.
പോക്സോ നിയമം എന്ത്? എന്തിന് എന്ന വിഷയത്തില്‍ കാസര്‍കോട് സബ് ജഡ്ജി ഫിലിപ്പ് തോമസും ബാലാവകാശങ്ങളും മാധ്യമ ധര്‍മ്മവും എന്ന വിഷയത്തില്‍ കാസര്‍കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. ബിജുവും ക്ലാസെടുത്തു. പൊതു സംവാദം ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ മുഖ്യാതിഥിയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോണ്‍ സി.ടി നന്ദിയും പറഞ്ഞു.
ലൈംഗീകാതിക്രമങ്ങള്‍ തടയുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കണമെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി