കാസര്‍കോട്: നാടിന്റെ രക്ഷയ്ക്കായി ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ സന്ദേശവാഹകരാകണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വിദ്യാര്‍ഥികളിലൂടെ മാത്രമെ പൗരബോധമുള്ള തലമുറയെ സൃഷ്ടിക്കാന്‍ കഴിയുവെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ‘ലഹരിവിരുദ്ധ കാവല്‍ക്കൂട്ട’ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടിതമായ മയക്കുമരുന്ന് മാഫിയ വിദ്യാര്‍ഥി സമൂഹത്തെ ലഹരിക്ക് അടിമകളാക്കുകയാണ്. സാമ്പത്തിക നേട്ടമാണ് ഇതിനുപിന്നിലെ പ്രകടമായ ലക്ഷ്യമെങ്കിലും സ്വബോധം നഷ്ടപ്പെട്ട തലമുറയിലൂടെ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണു ലഹരിമാഫിയയെ നിയന്ത്രിക്കുന്നവര്‍ ചെയ്യുന്നത്. കുട്ടികളെ തന്നെയാണു ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിനും ഉപയോഗിക്കുന്നത്. ഇതിനു മാറ്റം വരണമെങ്കില്‍ വിദ്യാര്‍ഥിസമൂഹംതന്നെ ലഹരിയെന്ന വിപത്തിനെതിരെ രംഗത്തുവരണമെന്നും മന്ത്രി പറഞ്ഞു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നും കാസര്‍കോട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലിയും മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
പോലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് റിസ്റ്റ്ബാന്റ് സ്റ്റുഡന്റ്സ് പോലീസ് അംഗം ലക്ഷ്മി മന്ത്രിയെ അണിയിച്ചു. തുടര്‍ന്ന് സ്റ്റുഡന്റ് പോലീസ് പ്രതിനിധി മുഹമ്മദ്, ഫ്രണ്ട്സ് ഓഫ് പോലീസ് പ്രതിനിധി സിദിഖ് ചക്കര, മാധ്യമ പ്രതിനിധി രാഹുല്‍ ആര്‍.പട്ടം എന്നിവരെ റിസ്റ്റ്ബാന്റ് മന്ത്രി അണിയിച്ചു. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.വൈ.എസ്.പി മാരായ എം.വി സുകുമാരന്‍, പി.ജ്യോതികുമാര്‍, ഹരിശ്ചന്ദ്രനായിക്, സിഐ:സി.എ അബ്ദുള്‍ റഹിം, എസ്ഐ പി.അജിത്കുമാര്‍, ജനമൈത്രി പോലീസ് എ.എസ്.ഐ കെ.പി.വി രാജീവ് എന്നിവര്‍ പങ്കെടുത്തു. ബോധവല്‍ക്കരണ റാലിയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നും നൂറുകണക്കിന് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളും കാസര്‍കോട് ഗവ.കോളജ്, വിദ്യാനഗര്‍ ത്രിവേണി കോളജുകളിലെ എന്‍.എസ്.എസ് വിഭാഗം, റെഡ്ക്രോസ് വിഭാഗം, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, പോലീസുകാര്‍ എന്നിവര്‍ പങ്കെടുത്തു. 
ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ സന്ദേശവാഹകരാകണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍