രാമന്തളി ബിജു വധം: 82 ദിവസത്തിനുള്ളില്‍ കുറ്റപത്രം തയ്യാറാക്കി

  • Post category:local news
  • Reading time:1 min read
You are currently viewing രാമന്തളി ബിജു വധം: 82 ദിവസത്തിനുള്ളില്‍ കുറ്റപത്രം തയ്യാറാക്കി

പയ്യന്നൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാമന്തളി കക്കംപാറയിലെ ബിജു വധക്കേസില്‍ പയ്യന്നൂര്‍ പൊലിസ് 82 ദിവസം കൊണ്ട് കുറ്റപത്രം തയ്യാറാക്കി. ഇക്കഴിഞ്ഞ മെയ് 12 നാണ് ബിജു കൊല്ലപ്പെട്ടത്. നാലുമണിയോടെ ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തിന് സമീപത്തുവച്ച് കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ച്ചി വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ 12 പേരെയാണ് പൊലിസ് പ്രതി ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 11 പേരെയും പൊലിസ് അറസ്റ്റുചെയ്തിരുന്നു. ഒരാള്‍ ഗള്‍ഫിലേക്ക് കടന്നതിനാല്‍ പിടികൂടാനായില്ല. കേസിലെ എട്ടുപേര്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്. കൊലപാതകം നടന്ന് മൂന്നാംദിവസം രണ്ടുപേരെ പൊലിസ് പിടികൂടിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച വടിവാളും പ്രതികള്‍ സഞ്ചരിച്ച ആള്‍ട്ടോകാറും പൊലിസ് പിന്നീട് കണ്ടെടുത്തിരുന്നു.

ഒരുമാസത്തിനുള്ളില്‍ തന്നെ തെളിവുകളുടെ ശാസ്ത്രീയ പരിശോധന അന്വേഷണ സംഘം പൂര്‍ത്തിയാക്കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയും നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. 1500 ഓളം പേജ് വരുന്ന കുറ്റപത്രത്തില്‍ 100 പരം ആളുകളില്‍ നിന്നും ശേഖരിച്ച മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. 60 പേര്‍ കേസില്‍ സാക്ഷികളാണ്. പ്രതികളായ റനീഷ്, അനൂപ്, കുട്ടന്‍, സത്യന്‍, വിജിലേഷ് എന്നിവരാണ് നേരിട്ട് കൃത്യം ചെയ്തവര്‍. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

0Shares