പീതാംബരന്‍ കുറ്റിക്കോല്‍
ബേഡകം: സി.പി.എമ്മിന്റെ മലയോരത്തെ ചെങ്കോട്ടയെന്നറിയപ്പെടുന്ന ബേഡകം ഏരിയാ സമ്മേളനത്തിന് പടുപ്പില്‍ അത്യുജ്വല തുടക്കം. കൊളത്തൂര്‍, കുണ്ടംകുഴി, ബീംബുങ്കാല്‍, ബേഡകം, മുന്നാട്, പള്ളത്തുങ്കാല്‍, കുറ്റിക്കോല്‍, പടുപ്പ്, ബന്തടുക്ക ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലുള്ള പ്രതിനിധികളാണ് ഏരിയ സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുന്നത്. രക്തസാക്ഷികളുറങ്ങുന്ന മണ്ണില്‍ നടക്കുന്ന സമ്മേളനം ഏറെ പ്രാധാന്യത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നത്.
1990 ന് ശേഷം അപ്പച്ചന്‍, നാരായണ നായക്ക്, പി. ജി വിജയന്‍, ബി. ബാലകൃഷ്ണന്‍, വീരേന്ദ്രകുമാര്‍ എന്നിവരാണ് എതിരാളികളാല്‍ കൊല്ലപെട്ടത്. 22 ാമത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി അനുബന്ധ പരിപാടികള്‍ നാടൊന്നാകെ ഏറ്റെടുത്ത് വന്‍ വിജയമാക്കി. കലാ- കായിക മത്സരങ്ങള്‍ക്ക് ജനപങ്കാളിത്തം ഏറെയായിരുന്നു. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടി- കൊടിമര, ദീപശിഖാ ജാഥകള്‍ വ്യാഴാഴ്ച വൈകീട്ട് നഗരിയില്‍ എത്തി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രെട്ടറി കെ.പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
നേരത്തെ ശക്തമായ വിഭാഗിയത നിലനിന്നിരുന്ന ബേഡകത്ത് സി.പി.എമ്മിന്റെ ശക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു നേതൃത്വം അവകാശപ്പെടുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അടിപതറാതെ നയിച്ച സി. ബാലന് ഏരിയാ സെക്രട്ടറിയായി ഒരുതവണ കൂടി അവസരം നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സമ്മേളനത്തില്‍ ശനിയാഴ്ച റെഡ് വളണ്ടിയര്‍ പരേഡും, അയ്യായിരത്തോളം ആളുകള്‍ അണിനിരക്കുന്ന പ്രകടനവും നടക്കും. ബന്തടുക്ക രക്തസാക്ഷി നഗറില്‍ സമാപന പൊതുസമ്മേളനം മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും.