കാസര്‍കോട്: മുസ്ലിം ലീഗില്‍ പുതിയ നേതൃമാറ്റം വന്നതോടെ യു.ഡി.എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തില്‍ മാറ്റംവരുത്താന്‍ ആലോചിച്ചിട്ടില്ലെന്ന് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍. മുന്‍ ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന ചെര്‍ക്കളം അബ്ദുല്ല തന്നെ തല്‍സ്ഥാനം തുടരുമെന്നും ലീഗ് തന്നെ യു.ഡി.എഫ് ചെയര്‍മാന്‍ പദവി അലങ്കരിക്കുമെന്നും കമറുദ്ദീന്‍ വ്യക്തമാക്കി. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെര്‍ക്കളം അബ്ദുല്ല നാലാം തവണയും ജില്ലാ പ്രസിഡന്റാകുന്നത് പാര്‍ടിയുടെ ചട്ടത്തിന് വിരുദ്ധമാണ്. അതിനാല്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയിലെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയുടെ ചുമതലയാണ്. ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് ജനുവരി ഒന്നുമുതല്‍ രാഷ്ട്രീയ വിദ്യാഭ്യാസം തുടങ്ങുന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കും. ജില്ലാ പരിശീലന കമ്മിറ്റി ഇതിന് നേതൃത്വം നല്‍കും.അതേസമയം തനിക്ക് വോട്ടുകള്‍ കുറഞ്ഞതായി സുധാകരന്‍ ആരോപിച്ച പ്രദേശങ്ങള്‍ ലീഗിന്റെ ശക്തികേന്ദ്രങ്ങളായതിനാല്‍ പരാമര്‍ശം ലീഗിനെതിരായാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഖമറുദ്ദീന്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് സുധാകരന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നറിയില്ല. സുധാകരനെ ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുന്‍കൈയെടുത്തത് മുസ്ലിംലീഗാണ്. സുധാകരന് വേണ്ടിയുള്ള പ്രചാരണം ലീഗ് ഏറ്റെടുക്കുകയായിരുന്നു. ലീഗിന്റെ സ്വാധീനമേഖലകളില്‍ സുധാകരന് നല്ല ഭൂരിപക്ഷം ലഭിക്കുകയും ചെയ്തിട്ടുണ്ട്. സുധാകരന്റെ വിമര്‍ശനം ലീഗിനെ ഉദ്ദേശിച്ചാണെന്ന് കരുതുന്നില്ലെന്ന് ഖമറുദ്ദീന്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്. പട്ടികയിലെ 11 പഞ്ചായത്തിന് പുറത്തുള്ള രോഗികളെയും സഹായിക്കും. സര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ പദ്ധതികളെല്ലാം പാതിവഴിയിലാണെന്നും അതിനാല്‍ രോഗികള്‍ക്കൊപ്പമുള്ള സമരത്തില്‍ ലീഗും പങ്കുചേരുമെന്നും കമറുദ്ദീന്‍ അറിയിച്ചു. പ്രതികളെ പിടികൂടുന്ന കാര്യത്തില്‍ ജില്ലയിലെ പോലിസ് വൈമനസ്യം കാട്ടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പലിയന്നൂരിലെ ടീച്ചറുടെ വധത്തിലും പെരിടയാട്ടടുക്കത്തെ ദേവകിയുടെ വധത്തിലും പോലിസ് അനാസ്ഥ കാട്ടുകയാണ്. എന്നാല്‍ നിസാര കുറ്റങ്ങളുടെ പേരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലിസ് ദ്രോഹിക്കുകയാണെന്നും ഇതിനെതിരേ ജില്ലാകമ്മറ്റി ശക്തമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ജില്ലയിലെ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് ജില്ലാ സെക്രട്ടറി എ അബ്ദുല്‍ റഹ്്മാന്‍ പറഞ്ഞു.
ട്രഷററികളില്‍ നിന്ന് ഒരുലക്ഷത്തില്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കാത്ത അവസ്ഥമാറ്റണം. ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒഴിവുകള്‍ സര്‍ക്കാര്‍ നികത്താത്തിനാലാണ് പദ്ധതികള്‍ മെല്ലെപോക്കാകുന്നത്. ലീഗ് ഭരിക്കുന്ന കാസര്‍കോട് നഗരസഭയിലെ കൗണ്‍സിലര്‍മാരെകുറിച്ചുള്ള പരാതികള്‍ പാര്‍ടി പരിശോധിക്കും. അതുപോലെ പാര്‍ട്ടിയുടെ നീക്കങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും പാര്‍ട്ടിയ്ക്ക് മാധ്യമങ്ങള്‍ നല്ല പരിഗണന നല്‍കിവരുന്നുണ്ടെന്നും ഖമറുദ്ദീനും അബ്ദുള്‍ റഹ്മാനും പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി ചടങ്ങില്‍ അധ്യക്ഷനായി. സെക്രട്ടി വിനോദ് പായം സ്വാഗതം പറഞ്ഞു.