യുവതിയെ പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസ്; മോഹന് ജീവപര്യന്തവും 33 വർഷം കഠിന തടവും

  • Post category:news
  • Reading time:1 min read
You are currently viewing യുവതിയെ പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസ്; മോഹന് ജീവപര്യന്തവും 33 വർഷം കഠിന തടവും

മംഗളുരു: യുവതികളെ പ്രണയം നടിച്ച് കൂട്ടികൊണ്ടുപോയി ലോഡ്‌ജിൽ വച്ച് പീഡിപ്പിച്ച ശേഷം സയനൈഡ് ഗുളിക നൽകി കൊലപ്പെടുത്തിയ കേസിൽ സീരിയൽ കൊലയാളി കർണാടക, കന്യാനയിലെ മോഹൻ എന്ന സയനൈഡ് മോഹനനെ ജീവപര്യന്തം തടവിനും 33 വർഷത്തെ കഠിന തടവിനും ശിക്ഷിച്ചു. ഉപ്പള, ബേക്കൂറിലെ സംഗീത അധ്യാപിക പൂർണിമയെ കൊലപ്പെടുത്തിയ കേസിലാണ് മംഗളുരു ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ആറ്) ശിക്ഷ വിധിച്ചത്. 2007 മെയ് 28 നാണ് കേസിനാസ്പദമായ സംഭവം.

അതേ വർഷം ഏപ്രിൽ മാസത്തിൽ ഉപ്പള ബസ്സ്റ്റാന്റിൽ വച്ചാണ് കായിക അധ്യാപകനായ മോഹൻ പൂർണിമയെ പരിചയപ്പെട്ടത്. വനം വകുപ്പ് ജീവനക്കാരൻ എന്നാണ് അന്ന് പൂർണിമയോട് പറഞ്ഞിരുന്നത്.പിന്നീട് ഇരുവരും പ്രണയത്തിലായി. ഒരു തവണ മോഹൻ കുമാർ ബേക്കൂറിലെ വീട്ടിലെത്തി പൂർണിമയുമായുള്ള വിവാഹ ആലോചനയും നടത്തി. പിന്നീട് മെയ് 28 ന് പൂർണിമയെ മംഗളൂരുവിലേക്ക് വിളിപ്പിച്ചു. പാട്ടിന്‍റെ റെക്കോർഡിങ്ങിന് പോകുന്നുവെന്ന് പറഞ്ഞാണ് പൂർണിമ വീട്ടിൽ നിന്നും ഇറങ്ങിയത്.

മംഗളൂരുവിൽ നിന്നും ഇരുവരും ബംഗളുരുവിലേക്ക് പോവുകയും, അവിടെ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയുമായിരുന്നു. പിറ്റേ ദിവസം ആഭരണങ്ങളെല്ലാം ഊരിവെപ്പിച്ച ശേഷം ക്ഷേത്ര ദർശനത്തിന് പോകാമെന്നു തെറ്റിദ്ധരിപ്പിച്ച്‌ ബസ്സ്റ്റാന്റിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഗർഭം ധരിക്കാതിരിക്കാനുള്ള ഗുളികയാണെന്ന് പറഞ്ഞു സയനൈഡ് നൽകുകയുമായിരുന്നു.

പൂർണിമ ഗുളിക കഴിക്കാനായി ബാത്തുറൂമിൽ കയറിയ തക്കത്തിൽ മോഹൻ സ്ഥലം വിടുകയും ലോഡ്ജിലെ മുറിയിൽ തിരിച്ചെത്തി ആഭരണങ്ങളുമായി കടന്നുകളയുകയും ചെയ്തു. ആത്മഹത്യ ആണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും മോഹൻ കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായതോടെയാണ് പൂർണിമയുടെ കൊലപാതകവും തെളിഞ്ഞത്. 20 യുവതികളെ സമാന രീതിയിൽ കൊലചെയ്ത മോഹൻ 2009 ൽ അറസ്റ്റിലായ ശേഷം ഇതുവരെ പുറത്തിറങ്ങിട്ടില്ല.

15 കൊലകേസുകളിൽ നേരത്തെ ജീവപര്യത്തം, വധശിക്ഷ എന്നിവയ്ക്ക് മോഹനനെ ശിക്ഷിച്ചിരുന്നു. ഇനി നാല് കേസുകളിൽ കൂടി വിചാരണ പൂർത്തിയാകാനുണ്ട്. റിപ്പർ കൊലപാതകത്തിന് ശേഷം ഇത് കേരള, കർണാടക സംസ്ഥാനങ്ങളെ ഞെട്ടിച്ച സീരിയൽ കൊലപാതകങ്ങളായിരുന്നു.

0Shares