യാത്രയായത് തെയ്യം കലയുടെ കുലപതി; ഒരു പുരുഷായുസ്സ് തെയ്യത്തിനായി ഉഴിഞ്ഞു വെച്ച കലാകാരന്‍

  • Post category:news
  • Reading time:1 min read
You are currently viewing യാത്രയായത് തെയ്യം കലയുടെ കുലപതി; ഒരു പുരുഷായുസ്സ് തെയ്യത്തിനായി ഉഴിഞ്ഞു വെച്ച കലാകാരന്‍

കാസര്‍കോട്: യാത്രയായത് ആചാരാനുഷ്ടാനങ്ങളുടെ ത്യാഗനിര്‍ഭരമായ തെയ്യാട്ടത്തിന്റെ ജീവിതാനുഭവങ്ങള്‍ പകര്‍ന്നാടിയ വണ്ണാന്‍ സമുദായത്തിലെ ഇതിഹാസം. തെയ്യംകലയുടെ കുലപതികളിലൊരാളുമായിരുന്ന കക്കപ്രയത്ത് ചിണ്ടന്‍ പെരിയ കര്‍ണാമൂര്‍ത്തിക്ക് ആദരവോടെ വിട. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടാണ് അന്ത്യം സംഭവിച്ചത്. കാസര്‍കോട്, കാഞ്ഞങ്ങാട്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളിലായി മൂവായിരത്തഞ്ഞൂറോളം തെയ്യക്കോലം കെട്ടിയാടിയിരുന്നു. ഇരുന്നൂറോളം വായനാട്ടുകുലവനെ അരങ്ങിലെത്തിച്ചിരുന്നു. ചിരുകണ്ടന്‍ കര്‍ണ്ണമൂര്‍ത്തി കാരിച്ചി ദമ്പതികളുടെ ഇളയ സന്താനമായി 1931- ല്‍ ആണ് ജനനം. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായി. തുടര്‍ന്ന് താനൂരിലെ അമ്മാവന്‍ കര്‍ത്തമ്പു കീഴൂര്‍ കര്‍ണ്ണമൂര്‍ത്തിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. പന്ത്രണ്ടാം വയസില്‍ ആടിവേടന്‍ തെയ്യം കെട്ടിയാണ് അരങ്ങേറ്റം. പിന്നീട് പെരിയ മീത്തല്‍ തറവാട്ടില്‍ ഊര്‍പ്പഴശീ തെയ്യത്തിന് ആദ്യ ചിലമ്പണിഞ്ഞു. തൃക്കണ്ണാട് മുതല്‍ കാവേരി വരെയും ദക്ഷിണകന്നട മേഖലയിലെ വിവിധ ക്ഷേത്രങ്ങളിലും പ്രധാന തെയ്യക്കാരനായി. 1974 -ല്‍ ചിറക്കല്‍ കോവിലകം കേരളവര്‍മ രാജാവില്‍ നിന്നും ‘കച്ചും ചിരികയും’ വാങ്ങി കര്‍ണാമൂര്‍ത്തിയായി ആചാരം കൊണ്ടു. വെളിച്ചപ്പാടന്‍ തെയ്യം, പുള്ളികരിങ്കാളി, ചൂളിയാര്‍ ഭഗവതി, കന്നിക്കൊരു മകന്‍, പുള്ളിപ്പൂവന്‍, അരീക്കര ഭഗവതി, നടയില്‍ ഭഗവതി, പാടാര്‍കുളങ്ങര ഭഗവതി, രക്തജാതന്‍, വേട്ടയ്‌ക്കൊരു മകന്‍, ഐവര്‍ തെയ്യങ്ങള്‍, കാലിച്ചേകവന്‍ തെയ്യം, കോരച്ചന്‍ തെയ്യം, കണ്ടനാര്‍ കേളന്‍ തെയ്യം, വയനാട്ടുകുലവന്‍ തെയ്യം, കാളരാത്രി ഭഗവതി തുടങ്ങി കെട്ടിയാടിയ തെയ്യങ്ങള്‍ മൂവായിരത്തോളം. ഇതില്‍ ഏറ്റവും കൂടുതല്‍ കെട്ടിയാടിയത് ഉത്തരമലബാറിലെ വിശ്വാസികളുടെ തൊണ്ടച്ചനായ വയനാട്ടുകുലവനെയാണ്. കുറ്റിക്കോല്‍ ബേത്തൂര്‍ കുന്നത്ത് തറവാട്ടിലാണ് ആദ്യം ചൂട്ടൊപ്പിച്ചത്.പെരിയ പരപ്പക്കെട്ടില്‍ നടന്ന തെയ്യം കെട്ടിലാണ് കണ്ടനാര്‍ കേളനെ ആദ്യം അരങ്ങിലെത്തിച്ചത്. കഴിഞ്ഞ തിരുവോണനാളില്‍ കൂര്‍മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിക്കുകയുണ്ടായി. ഭാര്യമാര്‍: പരേതയായ മാണിയമ്മ, കാര്‍ത്യായനി. മകള്‍: ശാരദ. മരുമകന്‍: പരേതനായ വി കണ്ണന്‍. പി കരുണാകരന്‍ എം.പി, സി.എച്ച് കുഞ്ഞമ്പു, സി ബാലന്‍, സി രാമചന്ദ്രന്‍, എം അനന്ദന്‍, ജയപുരം ദാമോദരന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.

0Shares