മോഡി മന്ത്രിസഭയില്‍ തുടക്കത്തിലേ ഭിന്നത; മന്ത്രിസഭാ സമിതികളില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധിച്ച് രാജ്‍നാഥ് സിംഗ് രാജിക്കൊരുങ്ങി

  • Post category:news
  • Reading time:2 mins read
You are currently viewing മോഡി മന്ത്രിസഭയില്‍ തുടക്കത്തിലേ ഭിന്നത; മന്ത്രിസഭാ സമിതികളില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധിച്ച് രാജ്‍നാഥ് സിംഗ് രാജിക്കൊരുങ്ങി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ സമിതികളിൽ നിന്ന് തഴഞ്ഞ തന്നോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് രാജ്‍നാഥ് സിംഗ് രാജിക്കൊരുങ്ങി. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായിട്ട് പോലും മന്ത്രിസഭാ ഉപസമിതികളുടെ പുനഃസംഘടനയിൽ രാജ്‍നാഥ് സിംഗിനെ രണ്ടെണ്ണത്തിൽ മാത്രമാണ് അംഗമാക്കിയിരുന്നത്. എന്നാൽ മന്ത്രിസഭയിലെ പുതുമുഖമായ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ എട്ട് മന്ത്രിസഭാ സമിതികളിൽ ഉൾപ്പെടുത്തിയിരുന്നു. ഇടഞ്ഞ രാജ്‍നാഥ് സിംഗിനെ തണുപ്പിക്കാൻ ഒടുവിൽ നാല് മന്ത്രിസഭാ ഉപസമിതികളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയായിരുന്നു. ആർ.എസ്.എസ് ഇടപെട്ടാണ് പ്രശ്നം തണുപ്പിച്ചത്.

കടുത്ത പ്രതിഷേധമറിയിച്ചതോടെ വിവാദം ഒഴിവാക്കാൻ രാജ്‍നാഥിനെ നാല് പ്രധാന ഉപസമിതികളിൽക്കൂടി അംഗമാക്കി കേന്ദ്രസർക്കാർ നേരത്തേ ഇറക്കിയ വിജ്ഞാപനം തിരുത്തുകയായിരുന്നു. നേരത്തേ രാജ്‍നാഥ് സിംഗിനെ സാമ്പത്തിക കാര്യസമിതിയിലും സുരക്ഷാ സമിതിയിലും മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. അതേസമയം, സർക്കാരിലുള്ള അധികാരമുറപ്പിച്ച് അമിത് ഷാ രണ്ട് പ്രധാന ഉപസമിതികളുടെ അധ്യക്ഷനായി. എട്ടെണ്ണത്തിലും അദ്ദേഹത്തിന് അംഗത്വവും നൽകി. അമിത് ഷാ അധ്യക്ഷനായ രണ്ടെണ്ണമൊഴികെ ബാക്കി എല്ലാ ഉപസമിതികളുടെയും അധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്‍നാഥ് സിംഗിനെ ഉള്‍പ്പെടുത്തി. അമിത് ഷായെ നീക്കി പാർലമെന്‍ററി കാര്യ സമിതിയുടെ അധ്യക്ഷനായും രാജ്‍നാഥ് സിംഗിനെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി. നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന സമിതി, തൊഴിൽ ശേഷി വികസന സമിതി എന്നീ രണ്ട് ഉപസമിതികളിൽക്കൂടി രാജ്‍നാഥ് സിംഗ് ഇപ്പോൾ അംഗമാണ്. എട്ടിൽ ആറ് സമിതികളിലും രാജ്‍നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ പരമോന്നത ഉദ്യോഗസ്ഥരടക്കം ആരൊക്കെ ഏതൊക്കെ പദവികളിലിരിക്കണമെന്ന് നിർണയിക്കുന്ന നിയമനകാര്യസമിതിയിൽ ആകെ രണ്ട് പേരാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ഏറ്റവും സുപ്രധാനമായ കാര്യങ്ങൾ തീരുമാനിക്കുന്ന നിയമനകാര്യസമിതിയുടെ കടിഞ്ഞാൺ ഇവരുടെ കയ്യിൽ മാത്രമാണ്. രാജ്‍നാഥ് സിംഗിന്‍റെ പ്രതിഷേധം വിവാദമായപ്പോഴും ഈ സുപ്രധാനസമിതിയിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ല. പാർലമെന്‍ററി കാര്യസമിതിയുടെ അധ്യക്ഷപദമായിരുന്നു ആദ്യം അമിത് ഷായ്ക്ക് നൽകിയ പ്രധാനചുമതല.

പാർലമെന്‍റ് സമ്മേളനം എപ്പോൾ ചേരണമെന്നതുൾപ്പടെ സുപ്രധാനമായ നിരവധി തീരുമാനങ്ങൾ എടുക്കുന്ന സമിതിയാണ് പാർലമെന്‍ററി കാര്യ ഉപസമിതി. ഈ പദവിയിലാണ് രാജ്‍നാഥ് സിംഗിനെ ഇപ്പോൾ മാറ്റി നിയമിച്ചത്. ദില്ലിയിൽ ആർക്കൊക്കെ സർക്കാർ വീടുകൾ നൽകണമെന്ന തീരുമാനമെടുക്കുന്ന സമിതിയാണ് ഷാ അധ്യക്ഷനായ മറ്റൊരു മന്ത്രിസഭാ സമിതി.

 

0Shares