തിരുവനന്തപുരം:മൂന്നാര്‍ കൈയ്യേറ്റ പ്രശ്നത്തില്‍ ഇടതു മുന്നണിയിലെ പ്രബല കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തുറന്നപോരിലേക്ക്. ദൃഢവും ധീരവുമായ നിലപാട് കൈക്കൊള്ളുന്ന റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ ആത്മവീര്യം നഷ്ടപ്പെടുത്തുന്ന വിധത്തിലാണ് സി.പി.എമ്മിന്റെ ഭാഗത്തു നിന്നുള്ള നീക്കങ്ങള്‍. വരും ദിനങ്ങളില്‍ പ്രശ്നം സങ്കീര്‍ണ്ണമാവാനാണ് സാധ്യത. ഇരുപാര്‍ട്ടികളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മൂന്നാറിലെ ദേവികുളം പോലീസ് സ്റ്റേഷനുമുന്നില്‍ റവന്യു ഭൂമി കൈയ്യേറിയത് ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം പ്രത്യക്ഷത്തില്‍ സി.പി.ഐയുടെ കരണത്ത് കിട്ടിയ വലിയൊരടി തന്നെയായിരുന്നു. ദേവികുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സി.പി.എംകാര്‍ തടയുകയും വെല്ലു വിളിക്കുകയും ചെയ്ത സംഭവം വലിയ മാധ്യമ ശ്രദ്ധയാണ് നേടിയത്. സബ്കലക്ടറെ സി.പി.എം പ്രവര്‍ത്തകര്‍ തടയുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന് തടസ്സമുണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ റവന്യു മന്ത്രി ചന്ദ്രശേഖരന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അതൃപ്തിയും പ്രതിഷേധവും അറിയിച്ചു കഴിഞ്ഞു.

മാര്‍ച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനമനുസരിച്ചാണ് മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യു വകുപ്പ് നടപടി തുടങ്ങിയത്. ഇതിനെയാണ് സി.പി.എംകാര്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ മുന്നോട്ട് വന്നത്. അതിനിടയില്‍ വൈദ്യുതിമന്ത്രി എം.എം. മണി മൂന്നാര്‍ കൈയ്യേറ്റത്തിന് അനുകൂലമായും റവന്യു മന്ത്രിയുടെ നടപടികള്‍ക്കെതിരായും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മൂന്നാറില്‍ എന്തു വേണമെന്ന് സി.പി.എം ആണ് തീരുമാനിക്കുക എന്ന് മണി വ്യക്തമാക്കി. മന്ത്രി ചന്ദ്രശേഖരനെ ഇടിച്ചു താഴ്ത്തികൊണ്ടാണ് മണിയുടെ സംസാരം. ഇടുക്കിക്കാര് ‘കൊഞ്ഞാണ’ന്മാരാണെന്ന് കരുതേണ്ടെന്ന് മണി ചന്ദ്രശേഖരനെ ലക്ഷ്യമാക്കിയാണ് പറഞ്ഞത്. അതിനിടയില്‍ എം.എം മണിക്കെതിരെ സി.പി.ഐ മറ നീക്കിത്തന്നെ പുറത്ത് വന്ന് കഴിഞ്ഞു. കേരളത്തില്‍ തമ്പുരാന് ഭരണം അല്ലെന്നകാര്യം ഓര്‍ക്കണമെന്നും വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന രീതി അവസാനിപ്പിക്കണമെന്നും സി.പി.ഐ ഓര്‍മ്മിപ്പിക്കുന്നു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ഹാലിളക്കിക്കൊണ്ട് മുന്‍മന്ത്രിയും സി.പി.എം നേതാവുമായ ഇ.പി ജയരാജന് രംഗത്ത് വന്നിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപെടുത്തിയിട്ടില്ലെന്നാണ് ജയരാജന് പറയുന്നത്. പ്രകോപനപരമായ പ്രസ്താവനകളിലൂടെ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ കാനം ശ്രമിച്ചാല്‍ അത് നടപ്പില്ലെന്ന് ജയരാജന് പറഞ്ഞു. നല്ലപിള്ള ചമഞ്ഞ് ക്രെഡിറ്റ് നേടാന്‍ കാനം നടത്തുന്ന ശ്രമങ്ങള്‍ തങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. പോലീസിന് നേരെയും ആഭ്യന്തര വകുപ്പിന് നേരെയും കാനം നടത്തിയ വിമര്‍ശനങ്ങളും കുത്തു വാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്ന തരത്തിലുള്ളതാണെന്ന് ജയരാജന് ചൂണ്ടികാട്ടുന്നു. സി.പി.ഐയും സി.പി.എമ്മും പരസ്പര വിശ്വാസം നഷ്ടപ്പെട്ട് അന്യേന്യം ചെളിവാരിയെറിയുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തപ്പെട്ടിരിക്കുന്നത്. പൊട്ടലും ചീറ്റലും മുറുകി കൊണ്ടിരിക്കുന്നു. അടുത്ത ഘട്ടം കണ്ടറിയുക തന്നെ!.