മുസ്ലീം യുവതിയെ പ്രണയിച്ചതിന് ഹിന്ദുവായ യുവാവിനെ കുത്തിക്കൊലപെടുത്തി; എന്നാല്‍ യുവാവിൻ്റെ വീട്ടുകാര്‍ പ്രതിഷേധമായി ഒരുക്കിയത് ഇഫ്താര്‍ വിരുന്ന്

  • Post category:news
  • Reading time:1 min read
You are currently viewing മുസ്ലീം യുവതിയെ പ്രണയിച്ചതിന് ഹിന്ദുവായ യുവാവിനെ കുത്തിക്കൊലപെടുത്തി; എന്നാല്‍ യുവാവിൻ്റെ വീട്ടുകാര്‍ പ്രതിഷേധമായി ഒരുക്കിയത് ഇഫ്താര്‍ വിരുന്ന്

ന്യൂഡല്‍ഹി: ദുരഭിമാനത്തിൻ്റെ പേരിലുള്ള കൊലകള്‍ തുടര്‍ക്കഥയാവുകയാണ് രാജ്യത്തുടനീളം. സാക്ഷര കേരളമെന്നഭിമാനിച്ചു നടക്കുന്ന കേരളത്തില്‍ ഉള്‍പ്പെടെ രണ്ട് ജീവനാണ് ജാത്യാഭിമാനത്തിന്റെ പേരില്‍ അടുത്തീയിടേ പൊലിഞ്ഞത്. അന്യ ജാതിയില്‍ പെട്ട പങ്കാളിയെ തിരഞ്ഞെടുത്തതിനാണ് കേരളത്തില്‍ കെവിനും ആതിരയും കൊല്ലപ്പെട്ടതെങ്കില്‍ മതത്തിന്റെ പേരിലാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹിന്ദു യുവാവിനെ മുസ്ലീം വിശ്വാസികളായ പെണ്‍വീട്ടുകാര്‍ കുത്തി കൊലപ്പെടുത്തിയത്. എന്നാല്‍ പെണ്‍വീട്ടുകാരുടെ വര്‍ഗീയ വിദ്വേഷത്തിന് മുസ്ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി പ്രതികാരം വീട്ടിയിരിക്കുകയാണ് ഹിന്ദു യുവാവിന്റെ വീട്ടുകാര്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രഘുബീര്‍ നഗര്‍ സ്വദേശിയായ അങ്കിത് സക്‌സേന മുസ്ലീം യുവതിയെ പ്രണയിച്ചതിൻ്റെ പേരിലായിരുന്നു കൊല നടത്തിയത്. യുവതിയുടെ സഹോദരനും അമ്മാവനും ചേര്‍ന്ന് അങ്കിത്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിക്കുന്നതില്‍ ഏറ്റവും അധികം എതിര്‍പ്പ് പ്രകടിപ്പിച്ചത് പെണ്‍കുട്ടിയുടെ പതിനാല് വയസ്സുള്ള സഹോദരനായിരുന്നു. നിരവധി തവണ പെണ്‍വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തെങ്കിലും ഇരുവരും പിന്‍മാറാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഫോട്ടാഗ്രാഫറായ അങ്കിത്തിനെ കാമുകിയുടെ കുടുംബം കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും സഹോദരനേയും അമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണ ഈ ജുലൈയില്‍ നടക്കാന്‍ ഇരിക്കുകയാണ്. അതിനിടെയാണ് തങ്ങളുടെ മകനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ഇഫ്താര്‍ പ്രതികാരവുമായി അങ്കിതിന്റെ വീട്ടുകാര്‍ രംഗത്തെത്തിയത്.

ഒരു ഹിന്ദു-മുസ്ലീം സംഘര്‍ഷത്തിന് വരെ കാരണമായേക്കാവുന്ന സംഭവത്തില്‍ അങ്കിത്തിന്റെ അച്ഛന്‍ നടത്തിയ ഇടപെടല്‍ നേരത്തേ തന്നെ ശ്രദ്ധേയമായിരുന്നു. മുസ്ലീങ്ങളാണ് കൊലനടത്തിയതെങ്കിലും എല്ലാ മുസ്ലീങ്ങളും കുറ്റവാളികള്‍ അല്ലെന്നും പ്രകോപനപരമായ യാതൊരു നടപടിയിലേക്കും തുനിയരുതെന്നും സ്വന്തം സമുദായത്തില്‍ പെട്ടവരോടുള്‍പ്പെടെ യശ്പാല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മുസ്ലീങ്ങള്‍ക്ക് സമാധാനത്തിന്റെ സന്ദേശമായ ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. ഒരു മതവിഭാഗത്തോടും തനിക്കോ കുടംബത്തിനോ ദേഷ്യമില്ലെന്ന് യെശ്പാല്‍ പറഞ്ഞു. വിരുന്നിന് പിന്നില്‍ രാഷ്ട്രീയമില്ല. സമാധാനം പ്രചരിപ്പിക്കുക എന്ന സന്ദേശം മാത്രമാണ് ഇഫ്താര്‍ കൊണ്ട് ഉദ്ദേശിച്ചതെന്നും യെശ്പാല്‍ വ്യക്തമാക്കി. യു.പിയിലെ ഡോക്ടര്‍ കഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയത്. ഫേസ്ബുക്കിലൂടെ അറിഞ്ഞവരും എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും മതസൗഹാര്‍ദ്ദ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തി.

0Shares