
വിദ്യാനഗര്‍: മില്‍മാ ബൂത്തിന്റെ മറവില്‍ ചെര്‍ക്കളയില്‍ വന്‍ ലഹരി വില്‍പ്പന നടക്കുന്നതായി വിവരം. വിദ്യാനഗര്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളും സിഗരറ്റുകളും വില്‍പ്പന നടത്തി ലഭിച്ച പണവും അടക്കം മില്‍മാ ബൂത്ത് ഉടമയെ അറസ്റ്റ് ചെയ്തു. ചെര്‍ക്കളയില്‍ മില്‍മാ ബൂത്ത് നടത്തിവരുന്ന കെട്ടുംകല്ല് സ്വദേശി ബേര്‍ക്ക ഹൗസില്‍ അബ്ദുള്‍ഖാദറിന്റെ മകന്‍ ബി മൊയ്തു(35) വിനെയാണ് വിദ്യാനഗര്‍ സി.ഐ ബാബുപെരിങ്ങേത്ത്, എസ് ഐ എം.വി ശ്രീദാസ്, അഡീഷണല്‍ എസ്.ഐ കെ.ആര്‍ അമ്പാടി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മില്‍മാ ബൂത്തും ഒപ്പം ഉടമയുടെ വീടും റെയ്ഡ് ചെയ്തിരുന്നു. ഇരുപതിനായിരത്തില്‍പ്പരം പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങളും അയ്യായിരം പാക്കറ്റ് സിഗരറ്റുകളും ആണ് ഇവിടെ നിന്നും കണ്ടെടുത്തത്. ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി ലഭിച്ച 67,930 രൂപയും പ്രതിയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. പാന്‍ ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ഉപയോഗിച്ച നമ്പര്‍ പ്ലേറ്റില്ലാത്ത ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് പൊലീസ് റെയ്ഡ് നടന്നത്.
ആദ്യം മില്‍മാ ബൂത്തിലാണ് പരിശോധന നടന്നത്. അവിടെ നിന്നും അല്‍പം മാത്രമാണ് പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുക്കാനായത്. ഇതേ തുടര്‍ന്ന് കേസെടുത്ത പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അല്‍പം കഴിഞ്ഞ് വീണ്ടും നമ്പര്‍ പ്ലേറ്റില്ലാത്ത ഓട്ടോയില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിനിടയില്‍ പ്രതി വീണ്ടും പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പത്തുരൂപയുടെ ഒരു പാക്കറ്റിന് അന്യ സംസ്ഥാന തൊഴിലാളികളില്‍ നിന്നും 60 രൂപയാണ് ഈടാക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പാന്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പാന്‍ ഉല്‍പ്പന്നങ്ങളുമായി നേരത്തെയും മൊയ്തുവിനെയും സഹോദരന്‍ അബ്ദുള്‍ ഹക്കീമിനെയും വിദ്യാനഗര്‍ പൊലീസ് പിടികൂടിയിരുന്നു. ഇതു സംബന്ധിച്ച് ഇരുവരുടെയും പേരില്‍ അഞ്ചോളം കേസുകള്‍ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.
