കാസര്‍കോട്: മാസപ്പിറവി അറിഞ്ഞു വരാമെന്ന് ഉമ്മയോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവ് വാഹനപകടത്തില്‍ മരിച്ചു. മൊഗ്രാല്‍ പൂത്തൂര്‍ കല്ലങ്കൈയിലെ അബ്ദുള്‍ റഹ്മാന്‍ -സുഹ്‌റ ദമ്പതികളുടെ മകനായ മുഹമ്മദ്(22)ണ് മരിച്ചത്. റമളാന്‍ മാസപ്പിറവി അറിയാന്‍ സുഹൃത്തിന്റെ ബൈക്കുമായി കാസര്‍കോട്ടെത്തിയതായിരുന്നു മുഹമ്മദ്. കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്തായിരുന്നു അപകടം നടന്നത്. ബൈക്ക് മറ്റൊരു കാറിനെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയിലിടിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് വച്ച് തന്നെ മുഹമ്മദ് മരണപ്പെട്ടു. അപകടത്തിനു ശേഷം ലോറി നിര്‍ത്താതെ പോയെങ്കിലും നാട്ടുകാരും പോലീസും ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മാസപ്പിറവി കണ്ട് റമളാനിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിനിടെ പെട്ടെന്നുണ്ടായ അപകട മരണം നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. മംഗളൂരു പി.എ. കോളേജിലെ രണ്ടാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. എന്നാല്‍ റമളാനിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ വഴി മുഹമ്മദ് സുഹൃത്തുക്കളോട് മരണത്തെ ഓര്‍മപ്പെടുത്തുന്ന ‘എല്ലാം പൊരുത്തപ്പെടുക’ എന്ന സന്ദേശമയച്ചതും ഏവരെയും നൊമ്പരപ്പെടുത്തുന്നു.
