
കാസർകോട്:കാസര്‍കോട് ജില്ലയിലെ തകർന്ന ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയ പാതാ അതോറിറ്റി ആരംഭിച്ചു. തുടര്‍ച്ചയായി പെയ്തുകൊണ്ടിരുന്ന മഴയ്ക്ക് കുറവ് വന്നതോടെ ജില്ലയിലെ കാലിക്കടവിൽ നിന്നു ചെറുവത്തൂർ വരെയും കുമ്പള പെർവാഡ് മുതൽ കാസർകോട് വരെയും മൊഗ്രാൽപൂത്തൂരിലുമാണ് അറ്റകുറ്റപണികൾ തുടങ്ങിയത്.

ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപണികൾ പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ റീ ടാറിങ് പ്രവൃത്തി തുടങ്ങുമെന്ന് ദേശീയപാത അസി.എക്സിക്യൂട്ടീവ് എൻജിനീയർ സി.ജെ.കൃഷ്ണൻ അറിയിക്കുന്നു. അതേസമയം, പറഞ്ഞ സമയത്ത് ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാനുള്ള നടപടികള്‍ ഉണ്ടായില്ല എന്നും എത്രയും പെട്ടെന്ന് നടപടികള്‍ ആരംഭിക്കണം എന്നും ആവശ്യപ്പെട്ട് കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തുന്ന 24 മണിക്കൂര്‍ നിരാഹാര സമരം ഇന്ന് അവസാനിക്കും.
കാസര്‍കോട് ജില്ലയിലെ കാലിക്കടവ്–- നീലേശ്വരം പാതയുടെ റീ ടാറിങ്ങിന് 9.75 കോടി രൂപയുടെയും കുമ്പള പെർവാഡ് – കാസർകോട് റോഡ് റീ ടാറിങ്ങിന് 13 കോടി രൂപയുടെ നിര്‍ദ്ദേശവും എംഎൽഎമാരായ എം.രാജഗോപാൽ, എൻ.എ.നെല്ലിക്കുന്ന് എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.
