
കോഴിക്കോട്: നടന്‍ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിനും കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ്. സിനിമാ മേഖലയിലെ നേട്ടങ്ങളും അഭിനയവും പരിഗണിച്ചാണ് മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു. നടന്‍ മമ്മൂട്ടിയെ 2010ല്‍ കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കും മുന്‍ കായികതാരം പി.ടി ഉഷയ്ക്കും ഡോക്ടറേറ്റ് നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യക്കായി ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുള്ള പി.ടി ഉഷ നിലവില്‍ പരിശീലകയുടെ വേഷത്തിലും കായിക സെലക്ഷന്‍ അത്ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ കമ്മിറ്റിയംഗമായും കായിക രംഗത്ത് സജീവമാണ്.
അടുത്ത മാസം 26 നു തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ബിരുദം സമ്മാനിക്കുക. സിനിമാലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ പരിഗണിച്ച് കാലടി സംസ്‌കൃത സര്‍വകലാശാല നേരത്തെ മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. നിലവില്‍ മോഹന്‍ലാല്‍ പല സിനിമകളുടെയും തിരക്കുകളിലാണ്. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയാന്‍ എന്ന സിനിമയ്ക്ക് വേണ്ടി വാരണാസിയിലാണ്. ഒപ്പം മോഹന്‍ലാലിനെ നായകനാക്കി 1000 കോടി രൂപയുടെ ബിഗ് ബജറ്റ് ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങാന്‍ പോവുകയാണ്.
