
പോണ്ടിച്ചേരി സർക്കാരിന്‍റെ എക്സൈസ് വകുപ്പ് ഒരു പുതിയ പദ്ധതി തുടങ്ങിയിരിക്കുകയാണ്. മദ്യപിച്ച് വഴിയിൽ കിടക്കുന്നവരെ സഹായിക്കാന്‍ മാഹിയില്‍ ഒരു പ്രത്യേക വാൻ സർവ്വീസ് തുടങ്ങിയതായി സർക്കാർ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജൂൺ 11നാണ് ഈ പത്രക്കുറിപ്പ് ഇറങ്ങിയത്.

‘സഞ്ജീവനി’ എന്നാണ് ഈ പദ്ധതിയുടെ പേര്. എക്സൈസ് വകുപ്പാണ് തുടങ്ങിയിരിക്കുന്നതെങ്കിലും അബോധാവസ്ഥയിൽ ആര് കിടക്കുന്നത് കണ്ടാലും പോലീസ് കൺട്രോൾ റൂം നമ്പരിൽ വിളിച്ചറിയിക്കാവുന്നതാണ്. വീണുകിടക്കുന്നയാൾ മദ്യപിച്ചിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല. 0490 2333513 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് കിടക്കുന്ന മയ്യഴിക്കാർ ഇനി ഉണരുക ആശുപത്രിയിലായിരിക്കും.
