മതങ്ങളുടെ വേലിക്കെട്ട് തകര്‍ത്ത് നാം മനുഷ്യരാകാന്‍ പഠിക്കണം; ജസ്റ്റിസ് കമാല്‍ പാഷ

  • Post category:local news
  • Reading time:1 min read
You are currently viewing മതങ്ങളുടെ വേലിക്കെട്ട് തകര്‍ത്ത് നാം മനുഷ്യരാകാന്‍ പഠിക്കണം; ജസ്റ്റിസ്  കമാല്‍ പാഷ

കാഞ്ഞങ്ങാട്: മതങ്ങളുടെ വേലിക്കെട്ട് തകര്‍ത്ത് നാം പുറത്തുവരണമെന്നും നല്ല മനുഷ്യരാകാന്‍ പഠിക്കണമെന്നും റിട്ട. ജസ്റ്റിസ്
കമാല്‍ പാഷ പറഞ്ഞു. ഒരു ലോകം ഒരു ഗുരു ഒരൊറ്റ ജനത എന്ന ദിവ്യസന്ദേശവുമായി മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനുമായ സജീവ് കൃഷന് ഒരു വര്‍ഷമായി നടത്തിവരുന്ന ഗുരുസാഗരം പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല സമാപന പരിപാടി പെരിയ എസ്.എന്‍ ട്രസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ദര്‍ശനവും സന്ദേശവും നാം ഹൃദയത്തില്‍ കൊണ്ടുനടക്കണം. മനുഷ്യ മനസില്‍ എന്നും ഗുരു ഉണ്ടായാല്‍ ഈ നാട് രക്ഷപ്പെടും. മതങ്ങളെല്ലാം സ്‌നേഹിക്കാനാണ് പറഞ്ഞിട്ടുള്ളത്. അതിന് പകരം രാജ്യത്ത് ഇന്ന് മതങ്ങളുടെ പേരില്‍ സംഘര്‍ഷമുണ്ടാക്കി രക്തം ചീന്തുകയാണ് ചെയ്യുന്നത്. ഇത് തടയാന്‍ ജനങ്ങളില്‍ കൂടുതല്‍ ഐക്യം രൂപപ്പെടണം. സ്ത്രീകളെ പുരോഗതിയിലേക്ക് നയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തടസം നില്‍ക്കുകയാണ്. സ്ത്രീസംരക്ഷണം എന്നുപറഞ്ഞു പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നത്. എന്നാല്‍ ശ്രീനാരായണ ഗുരു വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവഗിരിയില്‍ ശാരദ ദേവിയെ പ്രതിഷ്ഠിച്ചത് സ്ത്രീകളെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടിയാണെന്ന് നാം തിരിച്ചറിയണമെന്നും കമാല്‍ പാഷ പറഞ്ഞു. ചടങ്ങില്‍ എസ് എന്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്യാംകുമാര്‍ കെ അധ്യക്ഷത വഹിച്ചു. ഗുരുവിന്റെ ശാസ്ത്‌റസാങ്കേതിക ദര്‍ശനം എന്ന വിഷയത്തിലാണ് സമാപന പ്രഭാഷണം നടത്തിയത്. സ്വാമി പ്രേമാനന്ദ ഭദ്ര ദീപം കൊളുത്തി. സമാപന സമ്മേളനം ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലാ സംഘാടക സമിതികള്‍ക്ക് സ്വാമി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഒരുവര്‍ഷം നീണ്ട ജ്ഞാനയജ്ഞത്തില്‍ മാതൃകാപരമായ നേതൃപാടവം പ്രകടിപ്പിച്ച വ്യക്തികള്‍ക്കും പ്രത്യേക പുരസ്‌കാരം നല്‍കി. മൈക്കിള്‍ സെബാസ്റ്റിയന്‍, പി. രാമന്‍ മാസ്റ്റര്‍, ഉദിനൂര്‍ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സംഘാടക സമിതി സെക്‌റട്ടറി ഒ. പി. വിശ്വനാഥന്‍ സ്വാഗതവും ജില്ലാ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. എ.വി. സുരേഷ് നന്ദിയും പറഞ്ഞു. ഗുരുസാഗരം പ്രഭാഷണ പരമ്പരയെ തിരുവനന്തപുരം മുതല്‍ പിന്തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ രഞ്ജിത് ഇന്ദിരാ ആര്‍ട്സിന്റെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടായി.

0Shares