കൊച്ചി: മതം മാറ്റത്തിന് വിധേയയായ കാസര്‍കോട് ഉദുമ സ്വദേശിനി ആതിര ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വാര്‍ത്താസമ്മേളനം നടത്തി. തന്നെ തെറ്റിദ്ധരിപ്പിച്ച് നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്നും സഹപാഠികളാണ് തന്നെ മതം മാറാന്‍ നിര്‍ബന്ധിച്ചതെന്നും ആതിര പറഞ്ഞു. താന്‍ വിശ്വസിക്കുന്ന മതത്തെ കുറിച്ച് പഠിച്ചപ്പോള്‍ അതാണ് ശരിയെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അങ്ങനെ മതംമാറിയതില്‍ പശ്ചാതാപമുണ്ടെന്നും ആതിര പറഞ്ഞു. സ്വധര്‍മ്മത്തിലേക്ക് തിരികെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി ഒരു ആതിര ഉണ്ടാകരുത്. അമുസ്ലീംങ്ങള്‍ കാഫിറുകളാണന്ന് വിശ്വസിച്ചതിനാല്‍ മാതാപിതാക്കളെയും താന്‍ മതം മാറ്റാന്‍ ശ്രമിച്ചിരുന്നുതെന്ന് ആതിര വ്യക്തമാക്കി. ഡിഗ്രിക്ക് പഠിച്ചിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ കൂടുതലും മുസ്ലിംകളായിരുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കണ്ടും സംസാരം കേട്ടും ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കൂടുതല്‍ പഠിച്ചപ്പോള്‍ ഖുര്‍ആനാണ് ശരിയെന്നും ഇസ്ലാമാണ് യഥാര്‍ത്ഥ ദൈവത്തെ ആരാധിക്കുന്ന മതമെന്നും മനസിലായി. അങ്ങനെയാണ് മതം മാറുന്നതിന് വീട്ടില്‍നിന്നിറങ്ങിയത്.
പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ അതിനുവേണ്ട സഹായം ചെയ്തു തന്നിട്ടുണ്ടെന്നും മുസ്ലിമിനെ വിവാഹം ചെയ്യാന്‍ ആരും പറഞ്ഞിട്ടില്ലെന്നും ആതിര കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജുലൈ 10 നാണ് ആതിരയെ കാണാതായത്. മതപഠനത്തിന് പോകുന്നുവെന്ന് കത്തയച്ചാണ് വീട് വിട്ടത്. പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ജുലൈ 27നു കണ്ണൂരില്‍ വച്ചാണ് ആതിരയെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍, ആയിഷയെന്ന പേരില്‍ മതംമാറിയിരുന്ന ആതിര മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കോടതി മഹിളാമന്ദിരത്തിലേക്ക് അയച്ചു. പിന്നീട്, ആതിരയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കോടതി ഉത്തരവാകുകയായിരുന്നു. പിന്നീട് എറണാകുളത്തെ ആര്‍ഷ വിദ്യാസമാജത്തില്‍ മതപഠനത്തിനായ് പോവുകയായിരുന്നു. പിതാവ് രവീന്ദ്രനും വാര്‍ത്താസമ്മേളനത്തിനൊപ്പമുണ്ടായിരുന്നു.