മണല്‍കടത്ത് പിടികൂടാനെത്തി കിട്ടിയത് കഞ്ചാവ്; 15 കിലോവുമായി ഒരാള്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing മണല്‍കടത്ത് പിടികൂടാനെത്തി കിട്ടിയത് കഞ്ചാവ്; 15 കിലോവുമായി ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: അനധികൃത മണല്‍കടത്ത് പിടികൂടാനെത്തിയ പോലിസിന് കിട്ടിയത് 15 കിലോ കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് പുതിയതെരു സ്വദേശി പടിഞ്ഞാറെ മൊട്ടയിലെ കെ.പി ഹര്‍ഷിദ്(28) പിടിയിലായി. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ ഓണപ്പറമ്പില്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്. കണ്ണൂരിലെ കഞ്ചാവ് വില്‍പനയിലെ മൊത്ത വിതരണക്കാരനെയാണ് പിടികൂടിയതെന്ന് വളപട്ടണം പോലിസ് പറഞ്ഞു. കാട്ടാമ്പള്ളിപ്പുഴയില്‍ അനധികൃതമായി മണല്‍ കടത്തുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പോലിസ് പരിശോധനക്കെത്തിയത്. പോലിസിനെ കണ്ട് വെട്ടിച്ചുപോവുകയായിരുന്ന ബൈക്കിനെ പിന്തുടര്‍ന്ന് പരിശോധന നടത്തി. ബൈക്കിന്റെ മുന്‍വശത്തും പിറക് വശത്തും ചാക്കില്‍ കെട്ടിയനിലയിലായിരുന്നു കഞ്ചാവ്. കൃഷി ആവശ്യത്തിന് വളം കൊണ്ടുപോകുന്നുവെന്നാണ് പോലിസിനോട് പ്രതി ആദ്യം ഉത്തരം പറഞ്ഞത്. ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് അരക്കിലോ വീതമുള്ള 30 പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തത്. സി.ഐ എന്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി അറസ്റ്റുചെയ്തത്. ജൂനിയര്‍ എസ്.ഐ അനീഷ്, എ.എസ്.ഐ പ്രസാദ് തുടങ്ങിയവരും റെയ്ഡിനെത്തിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

0Shares