
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മടിക്കൈ എരിക്കുളം സർക്കാർ ഐ.ടി.ഐക്ക് സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് തലയോട്ടി കണ്ടെത്തി. ഇതിന്‍റെ പഴക്കം കൃത്യമായി പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.വലിയ പഴക്കമില്ലെന്നാണ് പ്രാഥമിക നിഗമനം. നീലേശ്വരം പോലീസാണ് കേസ് അന്വേഷിക്കുന്നത്. മധ്യവയസ്കന്‍റെയോ യുവാവിന്‍റെയോ തലയോട്ടി ആകാം ഇതെന്നും പോലീസ് സംശയിക്കുന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫോറൻസിക് വിദഗ്ധർ കാസർകോട് നിന്ന് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതോടൊപ്പം തലയോട്ടി കണ്ടെത്തിയ പ്രദേശത്തിന് സമീപത്ത് നിന്ന് കാണാതായവരെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ, സമീപ കാലത്ത് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.ഒരുപക്ഷെ ഇത് നായയെ കുറുക്കനോ കടിച്ചു വലിച്ച് അവിടെ കൊണ്ടിട്ടതാണോയെന്നും പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
