
കാസര്‍കോട്: നികുതിയടക്കാൻ വില്ലേജ് ഓഫീസിൽ എത്തിയ കുടുംബത്തെ ഓഫിസര്‍ മർദ്ധിച്ച് പരിക്കേല്പിച്ചതായി പരാതി. മൂന്ന് പിഞ്ചു കുട്ടികളുടെ മുന്നിൽവെച്ചാണ് മർദനം. പരിക്കേറ്റതിനെ തുടർന്ന് കുടുംബം ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. തെക്കില്‍ ബെണ്ടിച്ചാൽ സ്വദേശി ഇസ്മായിൽ(37), ഭാര്യ മുംതാസ്(28), മാതാവ് യു.ബി.ആയിഷ(72) എന്നിവരാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഇസ്മായിലിന്റെ മാതാവിന് പതിച്ചു നല്കിയ ഭൂമിക്ക് നികുതിയടക്കുന്നതിനായി ഓഫീസിൽ എത്തിയ ഇസ്മായിലിനോട് ഉടമതന്നെ എത്തണമെന്ന് വില്ലജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. 
ഇതുപ്രകാരമാണ് ഇസ്മായിൽ മാതാവിനെയുംകൂട്ടി കുടുംബ സമേതം വില്ലേജ് ഓഫീസിൽ എത്തിയത്. എന്നാൽ വില്ലേജ് ഓഫീസർ നികുതി സ്വീകരിക്കാത്ത ഈ കുടുംബത്തെ അസഭ്യം പറയുകയും അപമാനിക്കുകയായിരുന്നു. ഇത് പരസ്പ്പരം ബഹളത്തിനിടയാക്കി. ഇതോടെ ദേഷ്യപ്പെട്ട വില്ലജ് ഓഫീസർ ഇവരെ മർദ്ദിക്കുകയും ചവിട്ടുകയുമായിരുന്നുവെന്ന് യു.ബി.ആയിഷ വിദ്യാനഗർ പോലീസിൽ മൊഴിനൽകി. നാട്ടുകാർ ഇടപെട്ടാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
88 ൽ സർക്കാർ അനുവദിച്ച പട്ടയ പ്രകാരം യു.ബി ആയിഷയുടെ ഭൂമി അയൽവാസികൾ അനധികൃതമായി കയ്യേറുകയും മതിൽകെട്ടി സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ കാര്യം യു.ബി ആയിഷ ജില്ലാ കളക്ടറെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചു. ഇതോടെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന 10 സെന്റ് ഭൂമി കുറച്ചു ദിവസങ്ങൾക്ക് മുൻപ് സർക്കാർ ഏറ്റെടുക്കുകയും ഈ ഭൂമിയിൽ ഉണ്ടായിരുന്ന മതിലും ഗേറ്റും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റുകയും ചെയ്തു.
ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോഴും യു.ബി ആയിഷയുടെ പേരിലാണ്. എല്ലാ വർഷവും നികുതിയടച്ചുപോരുന്നതും യു.ബി ആയിഷയാണ്. ഇതുപ്രകാരം ഈ തവണ നികുതിയടക്കാനെത്തിയ കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ വില്ലജ് ഓഫീസർക്കെതിരെ നാട്ടുകാരും ഡി.വൈ.എഫ്.ഐയും രംഗത്തുവന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ നേരിട്ട് എത്തി വിശദമായ അന്വഷണം നടത്താൻ പോലീസിന് നിർദ്ദേശം നൽകി. 
അതേ സമയം വില്ലേജ് ഓഫിസിലെത്തിയ യുവാവ് ഇല്ലാത്ത ഭൂമിയുടെ പേരില്‍ തന്നെ മര്‍ദ്ദിച്ചതായി ഓഫിസര്‍ കെ.രമേശനും പരാതിപ്പെട്ടു. ഇദ്ദേഹം കാസര്‍കോട് ജനറൽ ആശുപത്രിയില്‍ ചികില്‍സയിലാണ്.