ഭിക്ഷ യാചിച്ചു നേടിയ ഒരുലക്ഷത്തിലേറെ രൂപ; രക്ഷാപ്രവത്തകരെ ഞെട്ടിപ്പിച്ച് ദരിദ്രരായ അമ്മയും മകളും

  • Post category:news
  • Reading time:1 min read
You are currently viewing ഭിക്ഷ യാചിച്ചു നേടിയ ഒരുലക്ഷത്തിലേറെ രൂപ; രക്ഷാപ്രവത്തകരെ ഞെട്ടിപ്പിച്ച് ദരിദ്രരായ അമ്മയും മകളും

തൃശൂര്‍: മഴയില്‍ ഇടിഞ്ഞുവീണ വീട്ടിലെ പണക്കൂമ്പാരത്തിനു നടുവില്‍ ദരിദ്രരായ അമ്മയും മകളും. വിയ്യൂരിലെ റോസ ബസാറില്‍ ഇടിഞ്ഞുവീണ വീട്ടിലെത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഇവരെ കണ്ട് അമ്പരന്നത്. ഭിക്ഷ യാചിച്ച നേടിയ ഒരുലക്ഷത്തിലേറെ രൂപയുടെ നടുവില്‍ ഭക്ഷണവും സഹായവുമില്ലാതെയായിരുന്നു ഇരുവരും കിടന്നിരുന്നത്. പലയിടത്തായി കിടന്ന നാണയത്തുട്ടുകളും ചെറിയ നോട്ടുകളും അഞ്ചു മണിക്കൂര്‍കൊണ്ടു രക്ഷാപ്രവര്‍ത്തകര്‍ എണ്ണിഎടുത്തപ്പോള്‍ ഉണ്ടായിരുന്നത് ഒരുലക്ഷത്തി മുപ്പതിനായിരം രൂപ. വിയ്യൂര്‍ റോസ ബസാറില്‍ പെരിങ്ങന്നൂര്‍ വീട്ടില്‍ പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ കല്യാണിക്കുട്ടി(75), മകള്‍ അമ്പിളി(45) എന്നിവരാണു തകര്‍ന്നു കാടുമൂടിയ വീട്ടില്‍ പരസഹായമില്ലാതെ ജീവിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണു വീടിന്റെ പിന്‍വശം ഇടിഞ്ഞുവീണത്. ഇവരെ അഭയകേന്ദ്രത്തിലേക്കു മാറ്റാന്‍ എത്തിയ കൗണ്‍സിലര്‍ അടക്കമുള്ളവരാണ് അകത്തു കയറി നോക്കിയപ്പോള്‍ പണക്കൂമ്പാരം കണ്ടത്. കിടന്നിരുന്ന പായയ്ക്കും തലയണയ്ക്കും അടിയിലും പ്ലാസ്റ്റിക് കവറുകളില്‍ ഉണ്ടായിരുന്ന നോട്ടുകള്‍ പലതും കാലപ്പഴക്കത്താല്‍ ദ്രവിച്ചിരുന്നു. കൂടാതെ നിരോധിച്ച 500 രൂപ നോട്ടുകളും ഇതിലുണ്ട്. പത്തു രൂപ നോട്ടുകളാണ് കൂടുതലും. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. കോര്‍പറേഷന്‍ ജീവനക്കാരെത്തിയാണ് വീടിനു ചുറ്റുമുള്ള കാട് വെട്ടി വൃത്തിയാക്കിയിരുന്നത്. ഇവരെ പിന്നീട് രാമവര്‍മപുരം ആശാഭവനിലേക്കു മാറ്റി പണം ട്രഷറിക്കു കൈമാറി. കല്യാണിക്കുട്ടിയുടെ അച്ഛന്‍ ശങ്കരന്‍നായരുടെ മരണശേഷം എട്ടു സെന്റിലെ ഓടിട്ട വീട്ടില്‍ താമസം തുടരുകയായിരുന്നു. ബന്ധുക്കളുമായി സ്വത്തുതര്‍ക്ക കേസും നിലവിലുണ്ട്. നഗരത്തില്‍ ബസ് സ്റ്റാന്‍ഡ്, ആശുപത്രി പരിസരങ്ങള്‍, നെഹ്‌റു പാര്‍ക്ക്, വിയ്യൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് പരിസരങ്ങളിലും മറ്റും അലഞ്ഞു നടന്നാണ് ഇരുവരും ഭിക്ഷ യാചിച്ചിരുന്നത്. കൗണ്‍സിലര്‍ ജോണ്‍ ഡാനിയലാണ് ഇവരെ കണ്ടെത്തിയത്. വിയ്യൂര്‍ വില്ലേജ് ഓഫിസര്‍ സിനി, തൃശൂര്‍ തഹസില്‍ദാര്‍ ചന്ദ്രബാബു, ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ സി.സി.ജോഫി, നിഷ, ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസര്‍ പി.ജി.മഞ്ജു, വിയ്യൂര്‍ പൊലീസ്, കോര്‍പറേഷന്റെ ആരോഗ്യവിഭാഗം ഇന്‍സ്‌പെക്ടര്‍ എ.നിസാര്‍, സുനില്‍ ലാലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ ആശാഭവനിലേക്കു മാറ്റി പണം എണ്ണി തിട്ടപ്പെടുത്തിയത്.

0Shares