ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ ചന്തേര എസ്.ഐ മര്‍ദിച്ച സംഭവം വിവാദത്തിലേക്ക്; ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ ചന്തേര എസ്.ഐ മര്‍ദിച്ച സംഭവം വിവാദത്തിലേക്ക്; ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി

ചെറുവത്തൂര്‍: പടന്ന മൂസാജി മുക്കില്‍ വച്ച് അകാരണമായി യുവാവിനെ പോലിസ് മര്‍ദിച്ച നടപടി വിവാദമാകുന്നു. ഭാര്യയുടെ മുന്നില്‍ നിന്ന് എസ്.ഐ മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പോലിസ് നടപടി വിവാദമായത്. പടന്ന കാന്തിലോട്ട സുധിനാണ്(26) പോലിസ് മര്‍ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ആര്‍മി റിക്രൂട്ട്‌മെന്റിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പിക്കുന്നതിനായി ഭാര്യയുമായി എത്തിയതായിരുന്നു യുവാവ്. ഒപ്പം പണിയെടുക്കുന്ന യുവാക്കളുമായി സംസാരിച്ചു നില്‍ക്കവേയാണ് പോലിസ് അതിക്രമം കാട്ടിയത്. അടിച്ചതിന്റെ കാരണം ചോദിച്ചപ്പോള്‍ വണ്ടിയില്‍ കയറാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് സുധി പറഞ്ഞു. ഭാര്യയും കൂടെയുണ്ടെന്നറിയിച്ചപ്പോള്‍ ഭാര്യയെ വീട്ടിലാക്കി പോലിസ് സ്‌റ്റേഷനില്‍ എത്തണമെന്നാണ് എസ്.ഐ ആക്രോശിച്ചതെന്ന് യുവാവ് പരാതിപ്പെട്ടു. മര്‍ദനമേറ്റ യുവാവ് ചെറുവത്തൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. എസ്.ഐ യുടെ അഴിഞ്ഞാട്ടത്തില്‍ പരക്കെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പരിസര പ്രദേശത്ത് കഞ്ചാവ് വില്‍പനയും ഉപയോഗവും നടക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പോലിസ് എത്തിയതെന്ന് എസ്.ഐ ഉമേഷ് പറഞ്ഞു. ബൈക്കിലുള്ള രണ്ടുപേര്‍ പോലിസിനെ കണ്ട ഉടനെ രക്ഷപ്പെടാന്‍ ശ്രമിച്ചത് സംശയത്തിനിടയാക്കിയെന്നും അത് കാരണമാണ് കൂടെയുണ്ടായ യുവാവിനെ ചോദ്യം ചെയ്തതെന്നും പോലിസ് പറഞ്ഞു. വീട്ടുകാരുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിച്ചെന്നു എസ്.ഐ ചാനല്‍ ആര്‍.ബി ഡോട്ട്‌കോമിനോട് വ്യക്തമാക്കി.

0Shares