കാസര്‍കോട്: ഭാര്യക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന തൃശൂര്‍ സ്വദേശിയായ യുവാവ് കളനാട് തുരങ്ക ഭിത്തിയിലേക്ക് തെറിച്ചു വീണ് മരിച്ചു. തൃശൂര്‍ തൂവക്കാവിലെ അബ്ദുല്‍ഖാദറിന്റെ മകനും മുംബൈയില്‍ വെബ് ഡിസൈനറുമായ മുഹമ്മദലി (24) ആണ് മരിച്ചത്. തൃശൂരിലെ വീട്ടില്‍ നിന്നും ഭാര്യ മുംബൈ സ്വദേശിനി താഹിറക്കൊപ്പം മുംബൈയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
തിങ്കളാഴ്ച രാത്രി 11.15 മണിയോടെയാണ് സംഭവം. നേത്രാവതി എക്സ്പ്രസിലാണ് ഇരുവരും യാത്രചെയ്തിരുന്നത്. ഭര്‍ത്താവിന്റെ മരണവിവരമറിയാതെ കിലോമീറ്ററോളം യാത്ര തുടര്‍ന്ന താഹിറ മംഗ്ളൂരുവില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രെയിനില്‍ നിന്നും വീണു മരിച്ചത് മുഹമ്മദലിയാണെന്ന് വ്യക്തമായത്. താഹിറ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.