കോട്ടയം: ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. മാനസാന്തരമുണ്ടായി ആദ്യ ഭര്‍ത്താവിനൊപ്പം പോകാന്‍ തീരുമാനിച്ച യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കാമുകന് ജീവപര്യന്തം തടവും കാല് ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം. ഇയാളുടെ ഒപ്പം താമസിച്ചിരുന്ന അകലക്കുന്നം മഞ്ഞാമറ്റം തോട്ടുങ്കല്‍ വീട്ടില്‍ സിന്ധു(32)വിനെ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. 2015 ഫെബ്രുവരി 26 നായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം കളമശേരി ക്ലാസ് കോളനി റോഡില്‍ വാഴക്കാലാപറമ്പില് ഗോപേഷി(ഗോപന് 42)നെയാണു കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് സ്പെഷ്യല്‍ ജഡ്ജി കെ. സനില്‍കുമാര്‍ ശിക്ഷിച്ചത്. രണ്ടു കുട്ടികളുണ്ടായിരുന്ന സിന്ധു ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് കാമുകന് ഗോപേഷിനൊപ്പം പോയത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തു താമസിക്കുകയും ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിക്കുകയായിരുന്നു. കാമുകനെ മടുത്ത് മാനസാന്തരമുണ്ടായതിനെ തുടര്‍ന്ന് സിന്ധു ഗോപേഷിനെ ഉപേക്ഷിച്ച് ആദ്യ ഭര്‍ത്താവിനൊപ്പം പോകാന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സിന്ധുവിനെ പ്രകോപിതനായ ഗോപേഷ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്.
രാത്രി പത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപത്തെ കപ്പത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് സംഘം ഗോപേഷിനെ അറസ്റ്റ് ചെയ്തു. ഈസ്റ്റ് സിഐ. ആയിരുന്ന എ.ജെ. തോമസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പിഴ തുക കൊല്ലപ്പെട്ട സിന്ധുവിന്റെ മക്കള്‍ക്കു നല്‍കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജെ. ജിതേഷ് ഹാജരായി.
ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; ആക്രി വിറ്റുകഴിയുന്ന കാമുകനെ മടുത്തപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ തീരുമാനിച്ചു; പ്രകോപിതനായി യുവതിയെ കഴുത്ത് ഞെരിച്ചു കൊന്ന കാമുകന് ജീവപര്യന്തം തടവ്