നീലേശ്വരം: പോലീസിന്റെ ബി ടീമായി സി.പി.എം പ്രവര്‍ത്തിക്കുകയും പോലീസ് സ്റ്റേഷന് ഭരണം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു. ചീമേനിയിലെ ജാനകി ടീച്ചറുടെ കൊലപാതകികളെ പിടികൂടാത്ത പോലീസിന്റെ അനാസ്ഥക്കെതിരെ നീലേശ്വരത്ത് നടന്ന സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസിന്റെ പണി സിപിഎം ഏറ്റെടുത്തതുകൊണ്ടാണ് കൊലപാതകം തെളിയിക്കപ്പെടാത്തത്. സിപിഎം കേന്ദ്രങ്ങളിലെല്ലാം നടന്ന കൊലപാതകത്തില്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതുകൊണ്ടാണ് പോലീസ് കൊലപാതകികളെ അറസ്റ്റ് ചെയ്യാന്‍ ഭയപ്പെടുന്നത്.അക്രമികളും കൊലപാതകികളും നാട്ടില്‍ അഴിഞ്ഞാടുമ്പോള്‍ പോലീസ് ഇരട്ട നീതിയാണ് നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.
തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം ഭാസ്കരന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, സെക്രട്ടറി എം.ബല്‍രാജ്, തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വെങ്ങാട്ട് കുഞ്ഞിരാമന്, പി.യു വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.