കാസര്‍കോട്: പാഴ് വസ്തുക്കളാല്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച് വിദ്യാര്‍ഥി ശ്രദ്ധേയനാകുന്നു. നീലേശ്വരം ബിരിക്കുളം സ്വദേശി കെ.ഡി ആദര്‍ശ് ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക്‌സ് വസ്തുക്കള്‍ ഉപയോഗിച്ചാണ് എ.ടി.വി ക്വാഡ് ബൈക്ക് നിര്‍മിച്ചത്. ഇതിനായി ഹീറോ ഹോണ്ട ബൈക്കിന്റെ എന്‍ജിന്‍, ഓട്ടോറിക്ഷയുടേയും, സ്‌കൂട്ടിയുടേയും രണ്ടു വീതം ടയറുകള്‍ തുടങ്ങിയവ ഉപയോഗിച്ചു. സ്വന്തമായി വരച്ചുണ്ടാക്കിയ മോഡല്‍ അനുസരിച്ചാണ് നിര്‍മാണം തുടങ്ങിയത്. അഞ്ചു മാസത്തെ പരിശ്രമത്തിനൊടുവിലാണ് വിജയം കണ്ടത്.
കരയിലെ ഏത് പ്രതലത്തിലും ഓടിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഭിന്നശേഷിക്കാര്‍ക്കും സുഗമമായി ഇതോടിക്കാമെന്ന് ആദര്‍ശ് പറയുന്നു. കൂടുതല്‍ പ്രോത്സാഹനങ്ങളും സഹായങ്ങളും ലഭിച്ചാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാനും ആദര്‍ശ് തയ്യാറാണ്. അതേ സമയം പല ഇന്ധനങ്ങളിലും ഓടിക്കാന്‍ പറ്റുന്ന വാഹനം നിര്‍മിക്കുക എന്നതാണ് ഡിപ്ലോമ വിദ്യാര്‍ഥി കൂടിയായ ആദര്‍ശിന്റെ അടുത്ത ലക്ഷ്യം. പഠന വിഷയം ഇലക്ട്രോണിക്‌സാണെങ്കിലും ഓട്ടോമൊബൈലിലുള്ള കമ്പമാണ് ആദര്‍ശിനെ ഇത്തരമൊരു ഉദ്യമത്തിനു പ്രേരിപ്പിച്ചത്. ചെറുപ്പം മുതലേ മരത്തിലും ലോഹങ്ങളിലുമായി വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കുക എന്നത് ആദര്‍ശിന്റെ ശീലമായിരുന്നു. എയര്‍ഗണ്‍, കാര്‍ബേഡ് ഗണ്‍, ബ്ലൂടൂത്ത് കണ്‍ട്രോള്‍ഡ് ഓഡിയോ പ്ലെയര്‍ തുടങ്ങിയവും ആദര്‍ശ് നിര്‍മിച്ചിട്ടുണ്ട്.
ബിരിക്കുളം എ.യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ യു.പി വിഭാഗം പ്രവര്‍ത്തിപരിചയ മേളയില്‍ ജില്ലാതല വിജയി കൂടിയായിരുന്നു ആദര്‍ശ്. തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ.പോളിടെക്‌നിക് കോളജിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിയാണ്. ബിരിക്കുളത്തെ കാര്‍പെന്ററി തൊഴിലാളി കെ.ദാമോദരന്‍ ഇ.എന്‍ അശ്വതി ദമ്പതികളുടെ മകനാണ്. അച്ഛനും അമ്മയും അനുജന്‍ അനുരാഗും മുഴുവന്‍ സമയവും പ്രോത്സാഹനവുമായി ആദര്‍ശിനോടൊപ്പമുണ്ട്.
